സീഡ് സൊസൈറ്റി തട്ടിപ്പ്: സിപിഎമ്മിന്റെ മൗനം ചർച്ചയാകുന്നു
1510916
Tuesday, February 4, 2025 2:09 AM IST
കണ്ണൂര്‍: പകുതി വിലക്ക് ഇരുചക്രവാഹനങ്ങൾ നൽകുമെന്ന് പണപ്പിരിവ് നടത്തി തട്ടിപ്പ് നടത്തിയ സംഭവത്തിൽ സീഡ് സൊസൈറ്റി തലവൻ അറസ്റ്റിലായ സംഭവത്തിൽ സിപിഎമ്മിന്റെ മൗനം ചർച്ചയാകുന്നു. തട്ടിപ്പ് സംഘത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്ത് ഇറങ്ങുകയും ചെയ്തിട്ടുണ്ട്.
മാത്തിൽ മേഖലയിൽ സിപിഎമ്മുമായി ബന്ധമുള്ള നേതാവ് സീഡ് സൊസൈറ്റിക്കായി പ്രവർത്തിച്ചിരുന്നു എന്നതിനാലാണ് പാർട്ടി ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. അതിനിടെ തട്ടിപ്പ് സംഘത്തിനെതിരെ ഡിവൈഎഫ്ഐ പോസ്റ്ററുകൾ പതിച്ച് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടവര്‍ക്ക് പണം തിരികെ നല്‍കുക, സീഡ് സൊസൈറ്റി കൊള്ളയടിച്ചത് ആരുടെ കോടികള്‍?. പകുതിവിലക്ക് വാഹനം കിട്ടില്ല. വഞ്ചിതരായി പാവപ്പെട്ടവര്‍. 400 കോടിയുടെ തട്ടിപ്പ്. ഇതുപോലുള്ള തട്ടിപ്പ് സംഘങ്ങള്‍ ഇനിയും സമീപിക്കാം. ജാഗ്രത പാലിക്കുക എന്നിങ്ങനെയുള്ള വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.
സിപിഎം പ്രവർത്തകരെ കൂട്ടുപിടിച്ചും അവരുടെ ഒത്താശയോടെയുമാണ് സീഡ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടന്നതെന്നും ആരോപണമുണ്ട്. ലോക്കല്‍ കമ്മിറ്റിയംഗവും സഹകരണ ജീവനക്കാരന്റെ ഭാര്യയും അവരുടെ സഹോദരനും സഹോദര ഭാര്യയുമൊക്കെ ഇതിന്റെ ഡയറക്ടർമാരായിരുന്നു. ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ഇതുസംബന്ധിച്ച പരാതികളെത്തിയതിനെത്തുടര്ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.
ഒരു ലോക്കല്‍ കമ്മിറ്റിയംഗത്തിന് പങ്കുണ്ടെന്നും ഇയാള്‍ക്കെതിരെ നടപടി വേണമെന്നും അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് നടപടി താക്കീതില്‍ ഒരുക്കി എല്‍സി അംഗത്തെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്. പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ സീഡ് സൊസൈറ്റിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഈ നേതാവ് തയാറായിട്ടില്ലെന്നുമാണ് വിവരം.
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ് സൊസൈറ്റിയുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ഒന്‍പതു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാഷണല്‍ എന്‍ജിഒ ഫെഡറേഷന് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടിരുന്ന തൊടുപുഴയിലെ ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റു പുഴയിലെ സൊസൈറ്റിയുടെ പേരില്‍ സംസ്ഥാന വ്യാപകമായി 62 സീഡ് സൊസൈറ്റികള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് അരങ്ങേറിയത്.