ഗുണ്ടർട്ടിന്റേത് ഇന്നും കാലഹരണപ്പെടാത്ത നിഘണ്ടു: മാർ ജോസഫ് പാംപ്ലാനി
1510924
Tuesday, February 4, 2025 2:09 AM IST
തലശേരി: ഇന്നും കാലഹരണപ്പെടാത്ത നിഘണ്ടുവായി ഗുണ്ടർട്ടിന്റെ നിഘണ്ടു നിലനിൽക്കുന്നുവെങ്കിൽ അതു രചിക്കാൻ അദ്ദേഹം വഹിച്ച പങ്ക് എത്ര വലുതാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഹെർമൻ ഗുണ്ടർട്ടിന്റെ ജന്മദിനാഘോഷവും അനീഷ് പാതിരിയാട് എഴുതി ജി.വി. ബുക്സ് പ്രസിദ്ധീകരിച്ച "ഹെർമൻ ഗുണ്ടർട്ട്' പുസ്തകചർച്ചയും തലശേരി പ്രസ്ഫോറം ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
ഭൗതികതലത്തിലും സാഹിത്യതലത്തിലും മനുഷ്യത്വത്തോടെ ഇടപെട്ട മാതൃകാ വ്യക്തിത്വമായിരുന്നു മിഷനറിയായ ഗുണ്ടർട്ടിന്റേത്. ഗുണ്ടർട്ട് എന്ന ക്രിസ്ത്യൻ മിഷനറിയെ സമകാലിക സംസ്കൃതിയുമായി സംവദിക്കാൻ പുസ്തകത്തിന് കഴിഞ്ഞു. ആ കാലഘട്ടത്തിന്റെയും ദേശത്തിന്റെയും ചരിത്രവും സംസ്കൃതിയും അവതരിപ്പിച്ച പുസ്തകം ഗുണ്ടർട്ടിനെ സമഗ്രമായി മനസിലാക്കാൻ വഴി തെളിയ്ക്കും. എഴുത്തുകാരനായ ഗുണ്ടർട്ടിന്റെ കൊച്ചുമകനാണ് നോബൽ സമ്മാന ജേതാവായ ഹെർമൻ ഹെസെയെന്നും ആർച്ച്ബിഷപ് പറഞ്ഞു.
തലശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി മുഖ്യാതിഥിയായി. കെ.കെ. മാരാർ പുസ്തകപരിചയം നടത്തി. പ്രസ്ഫോറം പ്രസിഡന്റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. ജി.വി ബുക്സ് എം.ഡി ജി.വി. രാകേശ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പവിത്രൻ മൊകേരി, ദേവദാസ് മാടായി, പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറി സെക്രട്ടറി പി. ദിനേശൻ, എൻ. സിറാജുദീൻ, അനീഷ് പാതിരിയാട് എന്നിവർ പ്രസംഗിച്ചു. പ്രശാന്ത് പട്ടൻ, ടി.സി. സുധാകരൻ എന്നിവർ പങ്കെടുത്തു.