കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കി
1511165
Wednesday, February 5, 2025 1:03 AM IST
കണ്ണൂര്‍: ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലും പണിമുടക്ക് നടത്തി. വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി), ഡ്രൈവേഴ്സ് യൂണിയന്, ടിഡിഎഫ് എന്നി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്. പണിമുടക്കിന്റെ ഭാഗമായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്ക് ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ യൂണിറ്റ് സെക്രട്ടറി ഷിജോ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എന്‍. രാജേഷ്, ജയന് കോത്തിരി, രാജു ചാത്തോത്ത്, ടി.കെ.പവിത്രൻ, എം.രാജേഷ്, സി.പൂർണിമ എന്നിവർ പ്രസംഗിച്ചു.
എന്നാല്‍ ജീവനക്കാരുടെ പണിമുടക്ക് സര്‍വീസിനെ ബാധിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളില്‍ താത്കാലിക ജീവനക്കാരെ ഉള്‍പ്പെടുത്തി സര്‍വീസുകള്‍ നടത്തി. കണ്ണൂര്‍ ഡിപ്പോയിലെ 17 ഡ്രൈവര്‍മാരും 19 കണ്ടക്ടറുമാണ് പണിമുടക്കില്‍ പങ്കെടുത്തത്. തലശേരി ഡിപ്പോയില്‍ 35 സര്‍വീസുകള്‍ ഉള്ളതില്‍ 10 എണ്ണം സര്‍വീസ് നടത്തിയിട്ടില്ല. മലയോരത്തേക്കുള്ള മുഴുവന്‍ കെഎസ്ആര്‍ടിസികളും സര്‍വീസ് നടത്തി.