ചീമേനിയിൽ വീട്ടുകാർ പുറത്തുപോയി മണിക്കൂറുകൾക്കകം 45 പവൻ കവർന്നു
1511155
Wednesday, February 5, 2025 1:03 AM IST
ചീമേനി: വീട്ടുകാർ വീട് പൂട്ടി പുറത്തുപോയ നാലു മണിക്കൂറിനകം വീട് കുത്തിത്തുറന്ന് 45 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ സ്വദേശിയായ സിവിൽ എൻജിനിയർ എൻ. മുകേഷിന്റെ ചീമേനി നിടുംബയിലെ വീടാണ് കുത്തിതുറന്ന് കവർച്ച നടത്തിയത്. സ്വർണാഭരണങ്ങളും
വെള്ളി കൊണ്ടുള്ള പാത്രങ്ങളുമാണ് കൊണ്ടു പോയത്. വീട്ടിലെ ജോലിക്കാരായ നേപ്പാൾ സ്വദേശി ചക്ര ഷാഹിയെയും ഭാര്യ ഇഷ ചൗധരി അഗർവാളിനെയും കാണാനില്ലെന്നു മുകേഷ് പോലീസിനോട് പറഞ്ഞു. വീട്ടിൽ കന്നുകാലികളെ നോക്കിയിരുന്നവരാണ് ഇവർ.
വീടിന്റെ മുൻവാതിൽ തകർത്താണ് കവർച്ച നടത്തിയത്. കണ്ണൂരിൽ പോയി തിങ്കളാഴ്ച വൈകുന്നേരം വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
വീട്ടിൽ കിടപ്പുമുറിയിലെ ഷെൽഫിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ മേൽനോട്ടത്തിൽ ചീമേനി ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
കാസർഗോഡ് നിന്നു വിരലടയാള വിരലടയാള വിദഗ്ധരും ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തി. സംസ്ഥാനത്തിന് പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കവർച്ചയിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.