ബൗദ്ധിക ഭിന്നശേഷിക്കാർ സഹായം കിട്ടാതെ വലയുന്നു
1511160
Wednesday, February 5, 2025 1:03 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ബൗദ്ധിക ഭിന്നശേഷിക്കാരുടെയും കിടപ്പിലായവരുടെയും സഹായികൾക്ക് നടപ്പാക്കിയ ആശ്വാസ കിരണം പദ്ധതിയുടെ അപേക്ഷ സ്വീകരിച്ചിട്ട് ഏഴു വർഷം. ഫണ്ടില്ലന്ന കാരണം പറഞ്ഞാണ് അപേക്ഷകൾ നിരസിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 600 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. ഇതു ലഭിക്കാതായിട്ട് രണ്ടു വർഷം പിന്നിട്ടു.
ഓട്ടിസം, മസ്തിഷക തളർവാതം, ബുദ്ധി പരിമിതി, ബഹുപരിമിതികൾ എന്നിവയാണ് ബൗദ്ധിക ഭിന്നശേഷി വിഭാഗങ്ങൾ. ഇങ്ങനെയുള്ളവർക്ക് ലഭിക്കുന്നത് 1600 രൂപ ക്ഷേമപെൻഷനാണ്. സാധാരണ ലഭിക്കുന്ന പെൻഷന്റെ 25 ശതമാനം അധികം നൽകണമെന്നാണ് നിയമം. ഇത് കാറ്റിൽ പറത്തിയാണ് സാധാരണക്കാരുടെ പെൻഷൻ തുക തന്നെ നൽകുന്നത്. ഇങ്ങനെ ഉയർത്തുകയാണെങ്കിൽ 2000 രൂപയിലധികം പ്രതിമാസം ഇവർക്ക് ക്ഷേമപെൻഷൻ ലഭിക്കും. വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ വിഭാഗത്തിന് വളരെ അനുഗ്രഹമാകും.
കേന്ദ്രസർക്കാരും ഇത്തരക്കാരെ അവഗണിക്കുന്ന സ്ഥിതിയാണുള്ളത്. സമഗ്രശിക്ഷ കേരളക്ക് നൽകാനുള്ള വിഹിതം നൽകാത്തതാണ് ഇവരെ വലയ്ക്കുന്നത്. ആയുഷ്മാൻ ഭാരതിൽ ബൗദ്ധിക ഭിന്നശേഷിക്കാരെ ഉൾപ്പെടുത്താത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ബൗദ്ധിക ഭിന്നശേഷിക്കാർക്ക് ആധാർ കാർഡ് ലഭിക്കാത്തത് പല ആനുകൂല്യങ്ങളിൽനിന്നും പിന്തള്ളപ്പെടാനിടയാക്കുന്നു. അംഗ പരിമിതിയാണ് ആധാർ ലഭിക്കുന്നതിന് തടസം. ഇത് ഒഴിവാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കണ്ണൂർ ജില്ലാ പരിവാർ
കളക്ടറേറ്റ് ധർണ നടത്തും
കണ്ണൂർ: ഭിന്നശേഷിക്കാർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും അവയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും കണ്ണൂർ ജില്ലാ പരിവാർ നാളെ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന ധർണ കിഡ്നി കെയർ കേരള ചെയർമാൻ പി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നാഷണൽ ട്രസ്റ്റ് ആക്റ്റിനു കീഴിൽ വരുന്ന ഓട്ടിസം, മസ്തിഷ്ക തളർവാതം, ബുദ്ധിപരിമിതി, ബഹുപരിമിതികൾ എന്നീ അവസ്ഥകൾ അനുഭവികുന്ന വ്യക്തികളുടെ രക്ഷിതാക്കൾ ധർണയിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ എം.പി. കരുണാകരൻ, ടി. ഷബിൻ, സി. രമേശൻ , ടി.പി. സൗമി , മുരളീധരൻ എന്നിവർ പങ്കെടുത്തു.