കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരപരിക്ക്
1510918
Tuesday, February 4, 2025 2:09 AM IST
ഭീമനടി: സ്കൂട്ടർ യാത്രക്കാരനായ യുവാവിന് കാട്ടുപന്നിയിടിച്ച് ഗുരുതര പരിക്ക്. ഭീമനടി പാങ്കയത്തെ പുതിയിടത്ത് അഖിൽ ജോസഫിനാണ് (25) പരിക്കേറ്റത്.
വെള്ളരിക്കുണ്ടിൽനിന്നും വീട്ടിലേക്ക് വരികയായിരുന്ന അഖിൽ ജനുവരി 19ന് രാത്രി 9.15ഓടെ കൂരാംകുണ്ടിലാണ് അപകടത്തിൽപെട്ടത്. റോഡിന് കുറുകെ ചാടിയ കാട്ടുപന്നി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ അഖിൽ ബോധരഹിതനായി.
ഇതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ഹെൽമെറ്റ് ഉണ്ടായിട്ടും താടിയെല്ല് തകർന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഇതിനോടകം രണ്ടു ലക്ഷം രൂപ ചെലവായി. രണ്ടു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശരീരം മുഴുവൻ ചതവും മുറിവും ഉണ്ടായിട്ടുണ്ട്. പെയിന്റിംഗ് തൊഴിലാളിയായ അഖിലിന് വനം വകുപ്പ് അടിയന്തര ചികിത്സാ സഹായം നല്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.