ഒറോത ഫെസ്റ്റ്: സാഹിത്യ സദസ് സംഘടിപ്പിച്ചു
1510932
Tuesday, February 4, 2025 2:09 AM IST
ചെമ്പേരി: ഒറോത ഫെസ്റ്റ് കാർഷിക മേളയിൽ ഇന്നലെ സാഹിത്യ സദസും കാക്കനാടൻ അനുസ്മരണവും കാക്കനാടന്റെ മകൾ രാധ കാക്കനാടൻ ഉദ്ഘാടനം ചെയ്തു. 'ഖരം' സിനിമയുടെ സംവിധായകനും നിർമാതാവുമായ പരിയാരം മെഡിക്കൽ കോളജ് ഗൈനക്കാളജി പ്രഫസർ ഡോ. പി.വി. ജോസ് പൂവേലിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റ് ജോർജ് വർഗീസ് കാക്കനാടൻ അനുസ്മരണം നടത്തി.
താഹ മാടായി, വിനോയ് തോമസ്, രമേശൻ ബ്ലത്തൂർ എന്നിവർ സാഹിത്യ സദസിൽ പങ്കെടുത്തു. ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജോബിഷ് എം.ജോസഫ് മോഡറേറ്ററായിരുന്നു. ആന്റണി മുക്കുഴി, യുവ എഴുത്തുകാരി ഡോളി തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇന്ന് നടക്കുന്ന കാർഷിക സെമിനാർ പത്മശ്രീ പുരസ്കാര ജേതാവും വയനാട്ടിലെ പാരമ്പര്യ കർഷകനുമായ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യും. ഏരുവേശി, പയ്യാവൂർ, നടുവിൽ പഞ്ചായത്തുകളിലെയും ശ്രീകണ്ഠപുരം നഗര സഭയിലെയും മികച്ച കർഷകരെ ആദരിക്കും.
വിള മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചെറുവയൽ രാമൻ വിതരണം ചെയ്യും. മേളയിൽ കൃത്രിമ ബുദ്ധിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സൃഷ്ടിക്കപ്പെട്ട സംഗീത-കലാ പ്രദർശനം കാണികളെ വിസ്മയിപ്പിക്കുകയാണ്. പരമ്പരാഗത മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങൾക്ക് നൂതന റാപ്പ്, വെസ്റ്റേൺ ചേരുവകൾ ചേർത്ത് ആർട്ടിഫിഷ്യൽ ഓൺലൈൻ സംവിധായകർ അവതരിപ്പിച്ച സംഗീത വിരുന്ന് ശ്രോതാക്കളുടെ ഹൃദയം കവർന്നു. യുവതലമുറയെ ആകർഷിക്കുന്ന റിഥമിക് ബീറ്റുകളും ക്ലാസിക്കൽ ഇന്ത്യൻ സംഗീതവും കലർത്തിയ അവതരണം ജനഹൃദയങ്ങളിൽ ഇടംനേടി.