മാവടിയിലെ പുലി: യോഗം ചേർന്നു
1511167
Wednesday, February 5, 2025 1:03 AM IST
കണിച്ചാർ: മാവടി പ്രദേശത്ത് പുലിയെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് തുടർനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി യോഗം ചേർന്നു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോന വികാരി ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വനംവകുപ്പ് ജീവനക്കാരായ കെ.വി. ഷിജിന്, കെ. ഷൈജു, വാർഡ് മെംബർ സുനി ജസ്റ്റിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പുലിയെ നേരിട്ട് കണ്ട് തുറക്കൽ സണ്ണി അനുഭവങ്ങൾ വിവരിച്ചു.
കഴിഞ്ഞ മൂന്നാഴ്ച കാലമായി മാവടി, കിഴക്കേ മാവടി, നെടുംപുറം ചാൽ, കല്ലടി, പൂളക്കുറ്റി പ്രദേശങ്ങളിൽ പുലിയെ നേരിട്ട് കണ്ട ആളുകൾ നിരവധിയാണ്. എന്നാൽ ഇത് പുലിയാണെന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. കാൽപ്പാടുകൾ പുലിയുടേത് അല്ല എന്നതാണ് വനം വകുപ്പ് പ്രാഥമികമായി പറയുന്നത്.
പുലിയുടെയോ, കടുവയുടെയോ മുരളിച്ച കിലോമീറ്റർ അകലെ വരെ കേൾക്കാനാകും. കൂടാതെ കൊന്നു തിന്നതിന്റെ ഭക്ഷണാവശിഷ്ടങ്ങൾ പ്രദേശത്ത് കാണാനാകുമെന്നും ഇതിൽനിന്നും ജീവി ഏതാണെന്ന് തിരിച്ചറിയാനാകുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് കൂടുതൽ പട്രോളിംഗ് നടത്തുന്നതിനും പ്രദേശത്തെ കാടുപിടിച്ച കൃഷിയിടങ്ങൾ വെട്ടിത്തെളിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.