സെൻട്രൽ ജയിലേക്ക് ആംബുലൻസും പുസ്തകങ്ങളും കൈമാറി
1510089
Saturday, February 1, 2025 2:08 AM IST
കണ്ണൂർ: വി. ശിവദാസൻ എംപിയുടെ പ്രാദേശികവികസന നിധിയിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നടത്തി. വി. ശിവദാസൻ എംപി, മുഖ്യാതിഥിയായ എഴുത്തുകാരൻ ടി. പദ്മനാഭൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. എംപി ഫണ്ടുപയോഗപ്പെടുത്തി ജയിൽ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങളുടെ കൈമാറ്റം ടി. പദ്മനാഭൻ നിർവഹിച്ചു.
ജീവിതത്തിൽ ജയിലറയും ഒരു അനുഭവമാണെന്നും അനുഭവങ്ങളിലൂടെയാണ് മനുഷ്യർ രൂപപ്പെടുന്നതും വളരുന്നതുമെന്നും അദ്ദേഹം പറഞ്ഞു. ജയിൽ ആശുപത്രി പരസിരത്ത് നടന്ന ചടങ്ങിന് സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ പി. ഇന്ദിര, സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് എന്നിവരും വിശിഷ്ടാതിഥികളായിരുന്നു.
റബ്കോ ചെയർമാൻ കാരായി രാജൻ, സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് ഗിരീഷ്കുമാർ, വെൽഫെയർ ഓഫീസർ കെ. രാജേഷ്കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ, കെജെഇഒഎ ജനറൽ സെക്രട്ടറി പി.ടി. സന്തോഷ്, കെജെഎസ്ഒഎ സംസ്ഥാന സെക്രട്ടറി കെ.പി. സജേഷ് എന്നിവർ പ്രസംഗിച്ചു.