സിപിഎം ജില്ലാ സമ്മേളനം ഇന്നു സമാപിക്കും
1510671
Monday, February 3, 2025 12:53 AM IST
തളിപ്പറമ്പ്: സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ 18 ഏരിയകളില്‍ നിന്നുള്ള 15,000 റെഡ് വോളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന വോളണ്ടിയർ മാര്‍ച്ച് കാക്കാത്തോട് ബസ്സ്റ്റാൻഡ്, ചിറവക്ക് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് വൈകുന്നേരം മൂന്നിന് ആരംഭിക്കും.
ഒരു ഭാഗത്ത് കൂടി വാഹനങ്ങൾ കടത്തിവിട്ട് ഗതാഗത തടസമില്ലാതെ ആയിരിക്കും മാർച്ച്.പൊതുസമ്മേളനത്തിന്റെ വോളണ്ടിയറുമായി എത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആലക്കോട്, ശ്രീകണ്ഠപുരം, മയ്യിൽ, തളിപ്പറമ്പ്, മട്ടന്നൂർ, പേരാവൂർ, ഇരിട്ടി, പാപ്പിനിശേരി എന്നീ ഏരിയകളിലെ വോളണ്ടിയർമാരെ കാക്കത്തോട് ബസ് സ്റ്റാൻഡിൽ ഇറക്കി വാഹനങ്ങൾ കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപമാണ് പാർക്ക് ചെയ്യേണ്ടത്.
പയ്യന്നൂർ, പെരിങ്ങോം, മാടായി, കണ്ണൂർ, എടക്കാട്, അഞ്ചരക്കണ്ടി, പിണറായി, തലശേരി, പാനൂർ, കൂത്തുപറമ്പ് എന്നീ ഏരിയകളിലെ വോളണ്ടിയർമാരെ ചിറവക്ക് ഗ്രൗണ്ടിൽ ഇറക്കി മന്ന- സയ്യിദ് നഗറിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ തളിപ്പറന്പ് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.