പേരാവൂർ മണ്ഡലം മരാമത്ത് പ്രവൃത്തി മെല്ലപ്പോക്കിൽ എംഎൽഎയ്ക്ക് അതൃപ്തി
1510618
Sunday, February 2, 2025 8:38 AM IST
ഇരിട്ടി: പൊതുമരാമത്ത് അവലോകന യോഗത്തിൽ പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കാത്തതിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് സണ്ണി ജോസഫ് എംഎൽഎ.
പേരാവൂർ മണ്ഡലം തല മരാമത്ത് -കെഎസ്ടിപി -കെആർഎഫ്ബി അവലോകന യോഗത്തിലാണു അനുവദിച്ചതും റീടെൻഡർ നടത്തിയതുമായ പ്രവൃത്തികൾ പോലും ആരംഭിക്കാത്തതിൽ എംഎൽഎ വിമർശനം ഉന്നയിച്ചത്. അഞ്ചുകോടി രൂപയ്ക്ക് കരാർ നൽകിയ ഇരിട്ടി -പേരാവൂർ റോഡ് നവീകരണം തുടങ്ങാത്തത് തുടർച്ചായ നാലാമത്തെ അവലോകന യോഗത്തിലും ചർച്ചയായി. തുടർന്ന് എംഎൽഎ കരാറുകാരനുമായി സംസാരിച്ചതിനെ തുടർന്ന് മൂന്ന് ആഴ്ചയക്കുള്ളിൽ പ്രവൃത്തി തുടങ്ങുമെന്ന് കരാറുകാരൻ അറിയിച്ചു.
ഒരു വർഷം മുൻപ് നവീകരണത്തിനു ഉടമ്പടി വച്ചെങ്കിലും ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ പ്രവൃത്തികൾ വൈകിയതുകൊണ്ട് കരാറുകാർ പിൻവാങ്ങിയ പെരുമ്പുന്ന - എടത്തൊട്ടി (3.85 കോടി രൂപ), വിളക്കോട് - അയ്യപ്പൻകാവ് (മൂന്നു കോടി രൂപ) പ്രവൃത്തികൾക്ക് റീടെൻഡർ നൽകിയിരുന്നു. ഈ റോഡുകളിൽ ഇപ്പോഴും ജലജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തിയാകാത്തതും ശക്തമായ വിമർശനത്തിന് ഇടയാക്കി. റീടെൻഡർ നടത്തിയ പ്രവൃത്തികളും ആരംഭിക്കാനാകാത്ത സ്ഥിതിയാണ് ഉള്ളത്.
മലയോര ഹൈവേ വള്ളിത്തോട് - മണത്തണ റോഡ് നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ടെന്നും അമ്പായത്തോട് - പാൽച്ചുരം - ബോയ്സ് ടൗൺ റോഡിന്റെ പുനർ നിർമാണത്തിനു 35 കോടി രൂപയുടെ എസ്റ്റിമേറ്റ് പുതുക്കി 39 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകിയതിനു ഉടൻ അംഗീകാരം കിട്ടുമെന്നും കെആർഎഫ്ബി പ്രതിനിധി അറിയിച്ചു. റീബിൽഡ് കേരള റോഡിൽ പാലത്തുംകടവിലെ മീൻകുണ്ട് സംരക്ഷണ ഭിത്തി നിർമാണം പുനരാരംഭിച്ചു. സിവിൽ സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നുണ്ടെന്നും അനമതിൽ നിർമാണം പുനരാരംഭിച്ചതായും കെട്ടിട നിർമാണ വിഭാഗം പ്രതിനിധി അറിയിച്ചു.
പെരുമ്പറമ്പ് - കല്ലുവയൽ റോഡ് നിർമാണവും വേഗത്തിൽ പുരോഗമിക്കുന്നതായും പ്രതിനിധികൾ അറിയിച്ചു. അവലോകന യോഗത്തിൽ മരാമത്ത് കെട്ടിട നിർമാണ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ ഷാജി തയ്യിൽ, വിവിധ വിഭാഗങ്ങളിലെ അസി, എക്സിക്യൂട്ടൂവ് എൻജിനിയർമാരായ ഷീല ചോറൻ, എ. സുമേഷ്, അസി. എൻജിനീയർമാര്യ പി. സനില, ടി.വി. രേഷ്മ, ടി.കെ. റോജി, സി. ബിനോയ്, പി.എം. ധന്യ, എംഎൽഎയുടെ പിഎ മുഹമ്മദ് ജസീർ എന്നിവർ പങ്കെടുത്തു.