കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കവാടത്തിനു മുന്നിൽ വാഹനങ്ങളുടെ കൂട്ടിയിടി
1510619
Sunday, February 2, 2025 8:38 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കവാടത്തിനു മുന്നിൽ ദേശീയ പാതയിൽ താത്കാലിക സർവീസ് റോഡിൽ ട്രക്ക് പിറകോട്ട് നീങ്ങി പിറകെ വന്ന കാറിലും കാറ് തൊട്ടു പിറകിലുണ്ടായിരുന്ന സ്വകാര്യ ബസിലുമിടിച്ചു.
ഇന്നലെ ഉച്ചക്ക് നടന്ന അപകടത്തിൽ വൻ ദുരന്തം വഴി മാറിയത് തലനാരിഴക്കാണ്. ഇവിടെ സർവീസ് റോഡ് വളവും കയറ്റവുമാണ്. ഈ കയറ്റം കയറുന്നതിനിടയിലാണ് വലിയ ട്രക്ക് പിറകോട്ട് നീങ്ങിയത്. ഇത് തൊട്ടു പിറകിലുണ്ടായിരുന്ന കാറിന്റെ മുൻവശത്ത് ഇടിച്ചു. ഇടിയെ തുടർന്ന് പിറകോട്ട് നീങ്ങിയ കാർ പയ്യന്നൂർ ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ മുൻഭാഗത്ത് ഇടിച്ച് നിൽക്കുകയായിരുന്നു.
കാർ രണ്ട് വലിയ വാഹനങ്ങൾക്കിടയിൽപ്പെട്ടുവെങ്കിലും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മെഡിക്കൽ കോളജ് റോഡിലേക്ക് പോകുന്ന സർവീസ് റോഡിൽ ഗതാഗതം തടസപ്പെട്ടു.