ഓംബുഡ്സ്മാൻ വിധിക്കെതിരായ അപ്പീൽ തള്ളി: നടുവിൽ പഞ്ചായത്ത് പരാതിക്കാരന് പണം നൽകണം
1510933
Tuesday, February 4, 2025 2:09 AM IST
നടുവിൽ: ഓംബുഡ്സ്മാൻ വിധിക്കെതിരേ നടുവിൽ പഞ്ചായത്ത് ഹൈക്കോടതിയിൽ നൽകിയ പരാതി തള്ളി. പരാതിക്കാരനായ നടുവിൽ പഞ്ചായത്തിലെ പതിനാറാം വാർഡ് അംഗം കലിക്കോട്ട് വീട്ടിൽ അച്യുതന് ഒരു മാസത്തിനകം 50000 രൂപ പഞ്ചായത്ത് നൽകണം.
അച്യുതൻ 2017-18 സാമ്പത്തിക വർഷം വീട് പുനരുദ്ധാരണത്തിനായി അപേക്ഷ നൽകിയിരുന്നു. വാർഡ് വികസന സമിതി മാർക്കുകൾ പരിശോധിച്ചു മുൻഗണന പട്ടിക തയാറാക്കുകയും ഒന്നും രണ്ടും സ്ഥാനക്കാർക്ക് വീട് പുനരുദ്ധാരണത്തിന് 50,000 രൂപ നൽകാൻ ഗ്രാമസഭ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അച്യുതന് പണം നൽകാതെ പട്ടിക അട്ടിമറിച്ച് മറ്റൊരാൾക്ക് ആനുകൂല്യം നൽകുകയായിരുന്നു. ഉദ്യോഗസ്ഥൻ വീട് സന്ദർശിച്ച് ആനുകൂല്യം നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. പെയിന്റിംഗ് തൊഴിലാളിയും നിർധന കുടുംബാംഗവുമായ അച്യുതൻ ബാങ്കിൽ നിന്ന് ലോണെടുത്ത് വീട് പുതുക്കിപണിയുകയും ചെയ്തു. എന്നാൽ പഞ്ചായത്ത് ആനുകൂല്യം നൽകിയില്ല. ഇതിനെതിരെയാണ് അച്യുതനും കുടുംബവും ഓംബുഡ്സ്മാന് പരാതി നൽകിയത്.
2023 ഒക്ടോബർ 10ന് ഓംബുഡ്സ്മാൻ നടുവിൽ പഞ്ചായത്ത് ഭരണസമിതിയെ വിമർശിച്ച് പരാതിക്കാരന് നഷ്ടപരിഹാരമായി 50,000 രൂപ നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പഞ്ചായത്ത് ഭരണസമിതി ഹൈക്കോടതിയിൽ നൽകിയ അപ്പീലാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് തള്ളിയത്. ഒരു മാസത്തിനുള്ളിൽ പരാതിക്കാരന് തുക നൽകാനും ഹൈക്കോടതി വിധിച്ചു.