പ്രദർശന നഗരിയിലേക്ക് സന്ദർശക പ്രവാഹം
1510608
Sunday, February 2, 2025 8:37 AM IST
ചെമ്പേരി: വൈവിധ്യങ്ങളാൽ സമൃദ്ധമായി ജനശ്രദ്ധ നേടി ചെമ്പേരി മേള - ഒറോത ഫെസ്റ്റ് . ചെമ്പേരി പുഴയുടെ തീരത്തുള്ള മൂന്നര ഏക്കർ സ്ഥലത്ത് ചെമ്പേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ പ്രദർശന നഗരിയിൽ വൈവിധ്യമാർന്ന കാർഷിക വിളകളുടെ വൻ ശേഖരം, അത്യാകർഷകമായ പുഷ്പ, ഫല പ്രദർശനം, പുരാവസ്തുക്കളുടെ കൗതുകം, വിസ്മയകരമായ റോബോട്ടിക് മൃഗശാല, വ്യത്യസ്തയിനങ്ങളുടെ നിരവധി സ്റ്റാളുകൾ, മരണക്കിണർ, ജയിന്റ് വീൽ അടക്കമുള്ള അമ്യൂസ്മെന്റ് പാർക്ക് വിനോദങ്ങൾ എന്നിവയെല്ലാം തന്നെ സന്ദർശകർക്ക് പുതുമ നൽകുന്നുണ്ട്.
കാർഷിക മേഖലയ്ക്കും വിനോദത്തിനും ഒരേപോലെ പ്രാധാന്യം നൽകിയുള്ള ഒരു പ്രദർശന മേള സമീപ പ്രദേശങ്ങളിലൊന്നും ഇതിന് മുമ്പ് നടന്നിട്ടില്ലെന്നുള്ളത് ഒറോത ഫെസ്റ്റിനെ കൂടുതൽ ആകർഷകവുമാക്കുന്നു. മലയോര ജനത ഒന്നാകെ ഏറ്റെടുത്തു കഴിഞ്ഞ മേളയായി മാറുകയാണ് ഒറോത ഫെസ്റ്റ്.
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വ്യത്യസ്തങ്ങളായ കലാപരിപാടികളുമുണ്ട്. രണ്ടാം ദിവസമായ ഇന്നലെ ഏരുവേശി പഞ്ചായത്തിലെ മുപ്പത് ഹരിതകർമ സേനാംഗങ്ങളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ജോമി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു.
മാർട്ടിൻ കോട്ടയിൽ, ആന്റണി മായയിൽ, ജോയ് കുഴിവേലിപ്പുറത്ത്, റോബി ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നാടൻപാട്ട് മേള ഏരുവേശി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ പി.ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ഭാരവാഹിയും കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ മുൻ അംഗവുമായ പി. സദാനന്ദൻ മുഖ്യാഥിതിയായിരുന്നു.