തീപിടിത്തം കൂടി
1511164
Wednesday, February 5, 2025 1:03 AM IST
സ്വന്തം ലേഖിക
കണ്ണൂർ: ജനുവരിയിൽ ജില്ലയി ലെ വിവിധ അഗ്നിശമന സേനയുടെ നമ്പറിലേക്ക് വിളി വന്നത് 92 തീപിടിത്ത കേസുകള്‍. തളിപ്പറമ്പ് അഗ്നിശമനസേന പരിധിയിലാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. തളിപ്പറമ്പ് സ്റ്റേഷന് പരിധിയിലുണ്ടായത് 34 തീപിടിത്തങ്ങളാണ്. കണ്ണൂർ അഗ്നിരക്ഷാ സേനയുടെ പരിധിയിൽ 16 തീപിടിത്തമുണ്ടായി. മട്ടന്നൂരിൽ 15 ഉം പയ്യന്നൂരില്‍ 12 ഉം കൂത്തുപറമ്പില്‍ എട്ടും തലശേരിയില്‍ ഏഴു തീപിടിത്തമാണുണ്ടായത്.
ചൂടു വര്‍ധിക്കുന്നതോടെ വരണ്ട പ്രദേശങ്ങളിലും മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങളിലുമാണ് അഗ്നിബാധ കൂടുതല്‍ ഉണ്ടാകുന്നത്. ഉണങ്ങിയ പുല്ലുകള്‍ക്ക് പെട്ടെന്ന് തീപിടിത്തമുണ്ടാകുകയും അതു പടര്‍ന്ന് പിടിക്കുന്ന അവസ്ഥയിലുമാണ് ഇപ്പോള്‍. തളിപ്പറമ്പ് എളംബേരം, നാടുകാണി, കാരക്കുണ്ട്, കൂനം, ബദരിയ നഗര്‍, പഴയങ്ങാടി, മാടായിപ്പാറ, കോറോം, പരിയാരം, പാടിക്കുന്ന്, മട്ടന്നൂര്‍ ചാവശേരി, വെള്ളിയാംപറമ്പ് എന്നീ പ്രദേശങ്ങളിലാണ് എല്ലാ വര്‍ഷങ്ങളിലും സ്ഥിരമായി തീപിടിത്തമുണ്ടാകുന്നത്. ചൂടു വർധിക്കാൻ തുടങ്ങിയതോടെ ഈ പ്രദേശങ്ങളിലുള്ളവർ ശ്രദ്ധിക്കണമെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങള്‍ അഗ്നിശമനസേനയ്ക്ക് നെട്ടോട്ടമാണ്. ചൂടു കൂടുന്നതിന് അനുസരിച്ച് ഇനിയും അപകട സാധ്യതകള്‍ വര്‍ധിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.
വീടുകളിലെ തീപിടിത്തം കുറഞ്ഞു
വീടുകളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടും അടുക്കളയില്‍ നിന്നു തീപടര്ന്നുമുണ്ടാകുന്ന തീപിടിത്തം പൊതുവെ ജില്ലയില്‍ കുറഞ്ഞിട്ടുണ്ട്. അഗ്നിശമനസേനയുടെ ബോധവത്കരണത്തിന്റെ ഭാഗമായി തീപിടിത്തമുണ്ടാകുന്നതിന്റെ കാരണങ്ങളും തീപിടിത്ത പ്രതിരോധങ്ങളും പലരിലേക്കും എത്തിയിട്ടുണ്ട്. അതിന്റെ ഫലമായി വലിയ അപകടങ്ങളൊന്നും ജില്ലയില്‍ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍, മാലിന്യാവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതും ഷോര്‍ട്ട് സര്‍ക്യൂട്ടും മിക്കയിടത്തും വില്ലനാണ്. നിരവധി കടകളിൽ ഷോർട്ട് സർക്യൂട്ട് കാരണം തീപിടിത്തം ഉണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ കത്തുന്നതും വര്‍ധിച്ചിട്ടുണ്ട്.
കരുതല്‍ വേണം
പാറയും മൈതാനങ്ങളുമുള്ള പ്രദേശങ്ങളിലെ പരിസരവാസികള്‍ എപ്പോഴും കരുതലോടെ ഇരിക്കണം. ചൂടേറിയ കാലാവസ്ഥയില്‍ ഉണങ്ങിയ പുല്ലുകളുള്ള ഒഴിഞ്ഞ മൈതാനങ്ങളില്‍ പെട്ടെന്നു തീ പടരാന്‍ സാധ്യതയുള്ള മാസങ്ങളാണ് ജനുവരി മുതല്‍ മേയ് വരെ.
ഇത്തരം സ്ഥലങ്ങളില്‍ പലരും തമാശ രൂപേണ തീയിടുന്ന പ്രവണത കൂടുതലാണ്. ജില്ലയിലെ മിക്ക ഒഴിഞ്ഞ പ്രദേശങ്ങളിലെയും തീപിടിത്തതിനു കാരണം സാമൂഹ്യദ്രോഹികളും മദ്യപസംഘവും തീയിടുന്നതാണെന്നാണു സേനാംഗങ്ങള്‍ പറയുന്നത്.
ഏക്കര്‍ കണക്കിനു പ്രദേശം ഇത്തരത്തില്‍ തീപടരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.
സമീപ പ്രദേശങ്ങളിലെ കടകളിലും കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറിലും ഇതേ തുടര്‍ന്നു തീ പടര്‍ന്ന നിരവധി സംഭവമുണ്ടായിട്ടുണ്ട്.