ഇരിക്കൂറിലെ എടിഎം കവര്‍ച്ചാശ്രമം പൊളിച്ച് പോലീസ്
1511157
Wednesday, February 5, 2025 1:03 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂറിൽ എടിഎം കവര്‍ച്ചാ ശ്രമം പൊളിച്ച് പോലീസ്. പോലീസ് കൃത്യസമയത്ത് സ്ഥലത്ത് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 12.50 ഓടെ ഇരിക്കൂറിലെ കനറാ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. പ്രതി എടിഎമ്മിലെത്തുന്നതിന്റെയും കവര്‍ച്ച നടത്താൻ ശ്രമിക്കുന്നതിന്റെയും ഓടി രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തുണികൊണ്ട് മുഖം മറച്ചാണ് പ്രതി എടിഎമ്മിലെത്തിയത്. തുടര്‍ന്ന് എടിഎമ്മിലെ പണം കവരാൻ ശ്രമം നടത്തുന്നതിനിടെ പോലീസ് ജീപ്പ് എടിഎമ്മിന് മുന്നിലെത്തുകയായിരുന്നു. ഇതോടെ പ്രതി അതിവേഗത്തിൽ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസിന് പിടികൂടാനായില്ല. പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. എടിഎമ്മിലെ സിസിടിവി പ്രതി ഇല ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.സിസിടിവി കാമറ മറയ്ക്കാ ൻ ശ്രമിച്ചതോടെ ബാങ്കിൽ മുന്നറിയിപ്പ് സംവിധാനം മുഴങ്ങി. മുന്നറിയിപ്പ് ലഭിച്ചതോടെ ബാങ്ക് അധികൃതര്‍ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്റെ 100 മീറ്റര്‍ അകലെയായുള്ള എടിഎമ്മിലായിരുന്നു മോഷണ ശ്രമം. വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് ജീപ്പുമായി സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. ബാങ്കിന്റെ മുന്നറിയിപ്പ് സംവിധാനം കൃത്യമായി വിവരം നൽകിയതും ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന് വേഗം എത്താനായതിനാലുമാണ് മോഷണശ്രമം പൊളിക്കാനായത്.
വിരലടയാള വിദഗ്ധരും പോലീസ് ഡോഗും സ്ഥലത്തെത്തി പരിശോധന നടത്തി. 2017 ലും ഇരിക്കൂറിലെ കാനറാ ബാങ്ക് എടിഎമ്മിൽ കവർച്ചാശ്രമം നടന്നിരുന്നു. രാത്രി 1.45നും 3.15നും ഇടയിലായിരുന്നു കവർച്ചാശ്രമം. മുഖംമൂടിധാരികളായ രണ്ടുപേരാണ് ശ്രമം നടത്തിയത്. എടിഎം മെഷീൻ തകർത്തെങ്കിലും പണം നഷ്ടപ്പെട്ടില്ല.