കരാറുകാർ സർക്കാർ പ്രവൃത്തികൾ നിർത്തിവയ്ക്കും
1510606
Sunday, February 2, 2025 8:37 AM IST
പയ്യാവൂർ: മേഖലയിലെ കരാറുകാർ സർക്കാർ പ്രവൃത്തികൾ നിർത്തിവയ്ക്കുമെന്ന് കെജിസിഎഫ് ശ്രീകണ്ഠപുരം യൂണിറ്റ്.
ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ ഭീമമായ വില വർധനവാണ് പ്രവൃത്തികൾ നിർത്താൻ കാരണം. ഒരു മുന്നറിയിപ്പും നൽകാതെയാണ് വില വർധിപ്പിച്ചിട്ടുള്ളത്. വില കൂട്ടേണ്ട യാതൊരു സാഹചര്യവും ഇപ്പോൾ നിലവിലില്ല. സർക്കാർ റോയൽറ്റിയിലോ മറ്റ് ഫീസിനത്തിലോ വർധനവ് ഇല്ലാത്ത സാഹചര്യത്തിലാണ് ക്വാറി, ക്രഷർ ഉടമകൾ ഏകപക്ഷീയമായി വിലവർധിപ്പിച്ചത്.
ചെറുകിട നിർമാണ പ്രവൃത്തികളെയും വീട് പണികളേയും പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ വില അമ്പത് ശതമാനം വരെ വർധിപ്പിച്ചത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യാതൊരു കൂടിയാലോചനയുമില്ലാതെ കഴിഞ്ഞ നവംമ്പർ മുതൽ എല്ലാ ഉല്പന്നങ്ങൾക്കും മൂന്നു രൂപയിലേറെ വർധിപ്പിച്ച വില നിലനിൽക്കെ തന്നെ വീണ്ടും പന്ത്രണ്ട് രൂപകൂടി ഈ മാസം മുതൽ വർധിപ്പിച്ച സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് കെജിസിഎഫ് ശ്രീകണ്ഠപുരം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം എം.ഡി.പോൾ, യൂണിറ്റ് സെക്രട്ടറി കെ.രാജേഷ്, പ്രസിഡന്റ് വി.വി.നിഗേഷ്, കെ.കെ.തമ്പാൻ, കെ.വി.രാജേഷ്, അഷ്റഫ് നെടിയേങ്ങ എന്നിവർ പങ്കെടുത്തു.