സസ്യങ്ങൾക്കുമുണ്ട് ഒരു ആരോഗ്യകേന്ദ്രം
1510919
Tuesday, February 4, 2025 2:09 AM IST
നീലേശ്വരം: കാലാവസ്ഥാമാറ്റത്തിനൊപ്പം സസ്യങ്ങൾക്കും കാർഷികവിളകൾക്കും രോഗബാധകളും വർധിക്കുകയാണ്. കാർഷികവിളകൾക്ക് ഒരു രോഗലക്ഷണം കണ്ടാൽ ആ രോഗത്തിന് കാലങ്ങളായി ഉപയോഗിക്കുന്ന മരുന്നുകൾ തളിച്ചശേഷം ബാക്കിയെല്ലാം വിധിപോലെ വരട്ടെ എന്നുകരുതി മാറിനിൽക്കാനാണ് മിക്കപ്പോഴും കർഷകരുടെ വിധി. എന്നാൽ ബന്ധപ്പെട്ട സസ്യത്തിന്റെ ഇലയുടെയോ തണ്ടിന്റെയോ സാമ്പിൾ ഒരു ക്ലിനിക്കിലും ലാബിലുമെത്തിച്ച് വിശദമായ പരിശോധന നടത്തി രോഗബാധയ്ക്കും പോഷകക്കുറവിനും കൃത്യമായ ചികിത്സ നല്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ സസ്യത്തിന്റെ ആരോഗ്യം പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞേക്കാം. ഇത്തരത്തിലുള്ള ഒരു ആരോഗ്യകേന്ദ്രമാണ് പടന്നക്കാട് കാർഷിക കോളജിൽ പ്രവർത്തിക്കുന്ന പ്ലാന്റ് ഹെൽത്ത് ക്ലിനിക്.
2022 ൽ തുടങ്ങിയ പ്ലാന്റ് ഹെൽത്ത് ക്ലിനിക്കിൽ ഇതിനകം മൂവായിരത്തിലധികം സസ്യ സാമ്പിളുകൾ പരിശോധിച്ച് കൃത്യമായ രോഗനിർണയവും ചികിത്സയും നടത്താൻ കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഇത്തരത്തിലുള്ള ലാബ് സൗകര്യമില്ലാത്തതിനാൽ അവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളും പടന്നക്കാട്ടേക്കാണ് പരിശോധനയ്ക്കെത്തുന്നത്. വിവിധ ജില്ലകളിലെ കൃഷിഭവനുകളിൽ നിന്ന് ശേഖരിച്ചയയ്ക്കുന്ന സാമ്പിളുകളും കർഷകർ നേരിട്ടെത്തിക്കുന്നവയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
സസ്യങ്ങൾക്ക് ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ സമയബന്ധിതമായും കൃത്യതയോടെയും മനസിലാക്കി സംയോജിതമായ വളപ്രയോഗത്തിലൂടെയും രോഗകീടനിയന്ത്രണത്തിലൂടെയും കൃത്യസമയത്ത് പ്രതിരോധം തീർത്താൽ കാർഷികവിളകൾക്കുണ്ടാകുന്ന രോഗവ്യാപനം ഒരുപരിധിവരെ തടയാനും വിളനഷ്ടം കുറയ്ക്കാനും കഴിയുമെന്ന് ലാബിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും കോളജിലെ പ്ലാന്റ് പാത്തോളജി വിഭാഗം അസി. പ്രഫസറുമായ ഡോ.പി.കെ. സജീഷ് പറയുന്നു.
വൈറസ്, ഫംഗസ്, ബാക്ടീരിയ, ഫൈറ്റോപ്ലാസ്മ തുടങ്ങിയവ മൂലം വിളകൾക്കുണ്ടാക്കുന്ന രോഗങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞാണ് ചികിത്സാരീതികൾ നിർദേശിക്കുന്നത്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സസ്യസാമ്പിളിന്റെ മോളിക്കുലാർ ലെവൽ അടിസ്ഥാനമാക്കിയാണ് രോഗനിർണയം നടത്തുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മണ്ണിന്റെ ഘടനയിലും മൂലകങ്ങളുടെ അളവിലുമുണ്ടാകുന്ന വ്യത്യാസമാണ് പലപ്പോഴും രോഗബാധകൾക്ക് കാരണമാകുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്ലാന്റ് ഹെൽത്ത് ക്ലിനിക്കിന്റെ സാധ്യതകൾ അറിയൻ തുടങ്ങിയതോടെ കൃഷിയിടങ്ങളിൽ അപൂർവ രോഗബാധകൾ കാണുമ്പോൾ കർഷകർ സ്വന്തം നിലയ്ക്കു തന്നെ സാമ്പിളുകളുമായി ഇവിടെയെത്താൻ തുടങ്ങിയിട്ടുണ്ട്.