ജില്ലാ വികസന സമിതി യോഗം ചേർന്നു
1510612
Sunday, February 2, 2025 8:38 AM IST
കണ്ണൂർ: അറ്റകുറ്റപണിക്കായി പൊളിച്ചിട്ട കണ്ണൂർ റെയിൽവേ ഫുട് ഓവർ ബ്രിഡ്ജ് എത്രയും പെട്ടെന്ന് പുനർനിർമിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം പ്രമേയമായി അവതരിപ്പിച്ചത്.
കണ്ണൂർ നഗരത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഭാഗങ്ങളെ ബന്ധപ്പെടാൻ കാൽനാടയാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന ഫൂട് ഓവർബ്രിഡജ് പൊളിച്ചതോടെ കാൽനടയാത്രക്കാർ ഏറെ ദുരിതമാണ് അനുഭവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി വിഷയം സതേൺ റെയിൽവേ ഡിവിഷനൽ മാനേജരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സിവിൽ സ്റ്റേഷനിൽ ടോയ്ലറ്റ് കോംപ്ലക്സ് സ്ഥാപിക്കുന്നതിന് കണ്ണൂർ എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പദ്ധതിക്കായി 4.50 ലക്ഷം രൂപ വകയിരുത്തി എസ്റ്റിമേറ്റ് തയാറാക്കുന്നതായി കോർപറേഷൻ അറിയിച്ചു. അപകടാവസ്ഥയിലുള്ള മാഹി പാലത്തിന് പകരമായി പുതിയ പാലം നിർമിക്കുന്നതിന് 10 ലക്ഷത്തിന്റെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ഇതിന്റെ ടെൻഡർ നടപടികൾ തുടങ്ങുമെന്ന ദേശീയപാത വിഭാഗം യോഗത്തെ അറിയിച്ചു.
ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ഭൂമി അനുവദിച്ച് സ്ഥിരതാമസമല്ലാത്തവരുടെ ഭൂമി ഏറ്റെടുത്ത് പുതിയ കുടുംബങ്ങൾക്ക് നൽകുന്നതിനായി ഐടിഡിപി പരിശോധന നടത്തും. തുടർന്ന് അവശേഷിച്ച 137 പേർക്ക് ഒരാഴ്ചയ്ക്കകം നറുക്കെടുപ്പ് നടത്തി പട്ടയം തയാറാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.
തലശേരി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച എട്ട് ഏക്കർ സ്ഥലത്തേക്ക് 75 മീറ്റർ ദൂരത്തിൽ റോഡ് നിർമിക്കുന്നതിന്റെ പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണെന്ന് സബ് കളക്ടർ റിപ്പോർട്ട് ചെയ്തു. രജിസ്ട്രേഷൻ ഫീസിൽ ഇളവ് നൽകണമെന്ന സ്കൂളിന്റെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയൻ അധ്യക്ഷത വഹിച്ചു. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, എംപിമാരുടെ പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.