പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം
1510928
Tuesday, February 4, 2025 2:09 AM IST
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുപി സ്കൂൾ വിഭാഗത്തിലെ പെൺകുട്ടികൾക്കായുള്ള നീന്തൽ പരിശീലനം ആരംഭിച്ചു. നുച്യാട് പുഴയിൽ പള്ളിയാർ കടവിലുള്ള പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സ്ഥലത്താണു പരിശീലനം നൽകുന്നത്.
നീന്തൽ പരിശീലകരായ അധ്യാപകരുടെ നേതൃത്വത്തിലാണു പരിശീലനം. ആദ്യ ബാച്ചിൽ 50 പെൺകുട്ടികൾക്കാണു പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പള്ളിയാർ കടയിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.വി. ഷാജു, പഞ്ചായത്തംഗം ശ്രീദേവി, പരിക്കളം ശാരദവിലാസം സ്കൂൾ മുഖ്യാധ്യാപകൻ സുരേഷ്, സിഡിഎസ് ചെയർപേഴ്സൺ വിജി ശശി, പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥ നുച്യാട് ഗവ. യുപി സ്കൂൾ മുഖ്യാധ്യാപിക റഹ്മത്തുന്നിസ, സ്റ്റീഫൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്കൂളിൽ നിന്നുള്ള അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.