"സ്വയം വിമർശനം' വാക്കിൽ മാത്രം പോരാ; നേതാക്കൾക്കും ബാധകമെന്ന് വിമർശനം
1510682
Monday, February 3, 2025 12:53 AM IST
തളിപ്പറന്പ്: കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തിലെ വിമർശനവും സ്വയം വിമർശനവും വാക്കുകളിൽ മാത്രമുണ്ടായാൽ പോരാ, നേതാക്കളും സ്വയം വിമർശനത്തിന് വിധേയനാകാൻ സന്നദ്ധരാകണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം. സ്വയം വിമർശനത്തിന് വിധേയരായി ആത്മസംസ്കരണം നടത്തേണ്ടവർ നേതൃനിരയിലുണ്ടെന്നും വിമർശനം ഉയർന്നു.
ഇന്നലെ നടന്ന ചർച്ചയിൽ സംസ്ഥാനസമിതിയംഗം പി. ജയരാജൻ, ഇ.പി. ജയരാജൻ എന്നിവരുടെ പ്രവർത്തനങ്ങൾ വിമർശിക്കപ്പെട്ടു. പി. ജയരാജൻ ക്വാറി, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാവാണെന്നും ഇതിനായി ഏരിയാ സെക്രട്ടറിമാരെ സൃഷ്ടിച്ചെന്നുമുള്ള ഗുരുതരമായ ആരോപണം പാർട്ടിയിൽനിന്നു പുറത്തുപോയ മനു തോമസ് ഉന്നയിച്ചപ്പോൾ ജയരാജൻ നടത്തിയ മറുപടി പാർട്ടിയുടെ എതിരാളികൾ ആയുധമാക്കി മാറ്റി. പി. ജയരാജൻ ജാഗ്രതയില്ലാതെ നടത്തിയ പ്രതികരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി.
നേരത്തെ പാർട്ടി ചർച്ച ചെയ്ത് അവസാനിപ്പിച്ച വിഷയം ജയരാജൻ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് പൊതുസമൂഹത്തിൽ പാർട്ടിയെക്കുറിച്ച് തെറ്റായ ധാരണ പരത്തിയെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടിയത്. സമാനമായ വിമർശനം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരെയും ഉയർന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് നാളിൽ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ തന്നെ ഫ്ലാറ്റിൽ വന്നു കണ്ടുവെന്ന് വെളിപ്പെടുത്തിയത് പാർട്ടിക്ക് വലിയ ദോഷം ചെയ്തതായാണ് വിമർശനം.
കേന്ദ്രകമ്മിറ്റിയിലുള്ള ഒരാൾ സാധാരണ പാർട്ടി പ്രവർത്തകർ പാലിക്കുന്ന ജാഗ്രത പോലും പാലിക്കുന്നില്ലെന്നത് അപലപനീയമാണെന്നാണ് കുറ്റപ്പെടുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കോട്ടകളിൽ പോലും വോട്ടുകൾ ഗണ്യമായി ചോർന്നതിന്റെ കാരണം പാർട്ടിക്കാർക്കിടയിൽ പോലും എതിർപ്പുള്ളതുകൊണ്ടാണെന്ന വിലയിരുത്തലും നടന്നു.