കൊതിയൂറും വിഭവങ്ങളുമായി പയ്യാമ്പലത്ത് കുടുംബശ്രീ ഭക്ഷ്യമേള
1510676
Monday, February 3, 2025 12:53 AM IST
കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷനും നബാർഡും സംയുക്തമായി പയ്യാമ്പലം ബീച്ചിൽ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഭക്ഷ്യമേള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര വിശിഷ്ടാതിഥിയായി.
അട്ടപ്പാടിയിലെ വനസുന്ദരി ചിക്കൻ, മുളയരി പായസം, ഊരുകാപ്പി, പഞ്ചാരപ്പാറ്റ, സീർ പത്തൽ, മന്തി, കിളിപോയി സർബത്ത്, മുഹബ്ബത്ത് സർബത്ത്, മുള സർബത്ത്, ടെണ്ടർ കോക്കനട്ട് പുഡിംഗ്, റാഫെലോ പുഡിംഗ്, ഉത്തരേന്ത്യൻ വിഭവങ്ങളായ സേവ് പുരി, ദഹി പുരി, പാനി പുരി, നാടൻ വിഭവങ്ങളായ കപ്പ, മീൻ കറി തുടങ്ങി വിവിധ വിഭവങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.
കണ്ണൂർ കോർപറേഷൻ മില്ലെനിയം സ്റ്റാൾ,അട്ടപ്പാടി വനസുന്ദരി സ്റ്റാൾ, കണ്ണപുരം സി.ഡി.എസ്, സൂര്യോദയം, കണ്ണൂർ കോർപറേഷൻ ഖാന പീന, ദുആ ബേക്ക്സ്ചാല, പയ്യാമ്പലം മോളീസ്, എടക്കാട് സാന്ത്വനം, തളിപ്പറമ്പ് ഷെഫീസ് ഫുഡ്,കഞ്ഞിരോട് സി.ഡി.എസ് സ്റ്റാൾ, സൂപ്പർ ടേസ്റ്റ് തളിപ്പറമ്പ്, കല്ലൂസ് പയ്യന്നൂർ, സിറ്റി കാറ്ററിംഗ് മലപ്പുറം,ഡബ്ല്യു.എൽ ഹോംമേയ്ഡ് കഫെ തലശ്ശേരി എന്നീ കുടുംബശ്രീ സംരഭകരുടെ ഫുഡ് കോർട്ടുകളാണ് മേളയിലുള്ളത്. എട്ട് ദിവസം നീണ്ട് നിൽക്കുന്ന മേള ഒമ്പതിന് അവസാനിക്കും. മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
പയ്യാമ്പലത്ത് നടന്ന ചടങ്ങിൽ കണ്ണൂർ കോർപറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സയ്യിദ് സിയാദ് തങ്ങൾ, കൗൺസിലർമാരായ പി.യു. ജയസൂര്യ, കെ.പി. അനിത, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ, അസി. കോ-ഓർഡിനേറ്റർ കെ.വിജിത്ത്, ചിറക്കൽ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ കെ.പി. സാജിത, കോർപറേഷൻ സിഡിഎസ് ചെയർപേഴ്സൺ ജ്യോതി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.