കൺസ്യൂമർഫെഡ് സബ്സിഡി സാധനങ്ങൾ വാങ്ങാൻ ദുരിതമേറെ
1488882
Saturday, December 21, 2024 5:57 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ഉത്സവകാലങ്ങളിലെ പൊതുവിപണിയിലെ വിലവർധന തടയിടാൻ കൺസ്യൂമർ ഫെഡ് ഒരുക്കുന്ന വിപണി ഇത്തവണയും ജനങ്ങൾക്ക് സമ്മാനിക്കുന്നത് ദുരിതം. സഹകരണവകുപ്പിന്റെ കീഴിലുള്ള കൺസ്യൂമർഫെഡ് സബ്സിഡി നിരക്കിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് ക്രിസ്മസ്-പുതുവത്സര വിപണിയിൽ ലഭ്യമാക്കിയിട്ടുള്ളത്. ഓരോ ദിവസവും വിതരണം ചെയ്യുന്നതിന് പരിമിതി ഏർപ്പെടുത്തിയിരിക്കുന്നതാണ് ജനങ്ങളെ വലയ്ക്കുന്നത്. സബ്സിഡി സാധനങ്ങൾക്ക് 40 ശതമാനം വിലക്കുറവ് നൽകിയാണ് വിതരണം. ഒരു ത്രിവേണി സൂപ്പർമാർക്കറ്റിൽനിന്ന് പ്രതിദിനം 75 പേർക്കും ജില്ലാതല പ്രത്യേക കൗണ്ടറിൽനിന്ന് 300 പേർക്കുമാണ് സാധനങ്ങൾ ലഭ്യമാകുക. 23 മുതൽ ജനുവരി ഒന്നുവരെയുള്ള ദിവസങ്ങളാണ് ഈ ആനുകൂല്യ പരിധിയിൽ വരിക. ടോക്കൺ സന്പ്രദായത്തിലൂടെയാണ് ഓരോ ദിവസവും ഉപഭോക്താക്കളെ നിശ്ചയിക്കുക. രാവിലെ ഒന്പതിന് ഓരോ കേന്ദ്രത്തിനും അനുവദനീയമായ ടോക്കൺ നൽകും. തുടർന്ന് വിതരണവും ആരംഭിക്കും.
കഴിഞ്ഞ ഉത്സവകാലങ്ങളിലും ഇത്തരം സന്പ്രദായമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതുപൊതുജനങ്ങളെ ഇത് ഏറെ വലച്ചു. ടോക്കൺ എടുക്കുന്നതിനായി രാവിലെ ഏഴിന് തന്നെ വിതരണ കേന്ദ്രങ്ങളിൽ വന്ന് ക്യൂ നിന്ന് ടോക്കൺ ലഭിക്കാതെ മടങ്ങിപ്പോയവർ ധാരാളമാണ്. ഇതിനെതിരേ വ്യാപക പരിധി ഉയർന്നിട്ടും ഇത്തവണയും അതേ രീതിയാണ് സഹകരണവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. സാധനങ്ങൾ വാങ്ങാൻ എത്തുന്നവരിൽ ഏറെയും പ്രായം ചെന്നവരാണ്. മൂന്നും നാലും ദിവസം ക്യൂനിന്ന് ടോക്കൺ വാങ്ങിയവരുമുണ്ട്. നോൺ സബ്സിഡി ഇനങ്ങൾക്കും ഈ സമയത്ത് പ്രത്യേക സബ്സിഡി നൽകി വിതരണം ചെയ്യുന്നുണ്ട്.
ഇത്തരം സാധനങ്ങൾ വാങ്ങിയാൽ മാത്രമേ സബ്സിഡി സാധനങ്ങൾ നൽകൂവെന്ന് ജീവനക്കാർ വാശിപിടിച്ചിരുന്നതായി ആക്ഷേപമുയർന്നിരുന്നു. കണ്ണൂർ ജില്ലയിൽ ആറു ത്രിവേണി സൂപ്പർമാർക്കറ്റും ജില്ലാതല പ്രത്യേക കൗണ്ടറും പ്രവർത്തിക്കും. കാസർഗോഡ് ജില്ലയിൽ ജില്ലാതല പ്രത്യേക കൗണ്ടറിനു പുറമെ ഏഴ് ത്രിവേണി സൂപ്പർമാർക്കറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതണം.
കണ്ണൂരിൽ ഉദ്ഘാടനം 23ന്, കാസർഗോഡ് 24ന്
കണ്ണൂർ: കൺസ്യൂമർ ഫെഡ് കണ്ണൂർ ജില്ലാ വിപണി പോലീസ് ക്ലബിന് സമീപം ജിമ്മി ജോർജ് ഹാളിൽ നടക്കും. 23 നു രാവിലെ 10.30 ന് കണ്ണൂർ കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ.പി. പ്രമോദന്റെ അധ്യക്ഷതയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കാസർഗോഡ് ജില്ലാ വിപണി 24ന് രാവിലെ ഒന്പതിന് കാഞ്ഞങ്ങാട് അലാമിപ്പള്ളി പീപ്പിൾസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിൽ നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്യും. കൺസ്യൂമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി.കെ. രാജൻ അധ്യക്ഷത വഹിക്കും.