37 പേര്‍ക്ക് ജീവിത മാര്‍ഗമൊരുക്കി ഫാസ്റ്റ് ഫുഡ് പാചക പരിശീലനം സമാപിച്ചു
1488871
Saturday, December 21, 2024 5:56 AM IST
പയ്യന്നൂര്‍: ഫാസ്റ്റ് ഫുഡ് നിര്‍മാണ മേഖലയില്‍ പരീശലനം പൂര്‍ത്തിയാക്കിയ 37 പേര്‍ക്ക് ഉപജീവന മാര്‍ഗമായി. പയ്യന്നൂര്‍ പുഞ്ചക്കാട് സെന്റ് ജോസഫ് ട്യൂഷന് സെന്ററില്‍ നടന്നുവന്ന പരിശീലന പരിപാടി പൂര്‍ത്തിയായതോടെയാണ് ഇവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഉപജീവന മാര്‍ഗത്തിലേക്കുള്ള വാതില്‍ തുറന്നത്.
വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെ (യൂണിയന് ആര് സെറ്റി) നേതൃത്വത്തിലാണ് 18നും 45 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്കായി 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനമൊരുക്കിയത്. ക്ലാസുകള്‍, വിഭവങ്ങള്‍ തയാറാക്കുന്നതിന് പരിശീലനം, ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയാണ് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗജന്യമായി നല്‍കിയത്. യൂണിഫോം, പഠന ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്നതിനുള്ള സാധനങ്ങള്‍ എന്നിവയും പരിശീലനത്തിനെത്തുന്നവര്‍ക്കുള്ള ഉച്ചഭക്ഷണമുള്‍പ്പെടെ സൗജന്യമായിരുന്നു.
കയ്റോസ് കാഞ്ഞങ്ങാട് മേഖലാ ഫെഡറേഷനാണ് പുഞ്ചക്കാട്ട് നടത്തിയ പരിശീലനത്തിന് ആതിഥേയത്വം വഹിച്ചത്. എഴുത്തു പരീക്ഷയുള്‍പ്പെടെ പൂര്‍ത്തിയാക്കിയവര്‍ക്ക് സമാപന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് നല്കി. സംരംഭം തുടങ്ങുന്നതിനാവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും വായ്പാ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള പരിശീലനവും യൂണിയന് ആര് സെറ്റിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്.
സമാപന യോഗം വാര്‍ഡ് കൗണ്‍സിലര്‍ സമീറ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഫെഡറേഷന് പ്രസിഡന്റ് ജോര്‍ജ് ജേക്കബ് അധ്യക്ഷത വഹിച്ചു. പുഞ്ചക്കാട് കമ്യൂണിറ്റി ഓര്‍ഗനൈസര്‍ ഫാ. സന്തോഷ് വില്യം സര്‍ട്ടിഫിക്കറ്റ് വിതരണവും ഭക്ഷ്യമേള ഉദ്ഘാടനം കയ്റോസ് കാഞ്ഞങ്ങാട് മേഖലാ ഡയറക്ടര്‍ ഫാ. ലിന്റോ സ്റ്റാന്‍ലിയും നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് യൂണിയന് ബാങ്ക് ആർ സെറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ച് ഫാക്കല്‍റ്റി യൂണിയന് ബാങ്ക് കാഞ്ഞങ്ങാട് പ്രതിനിധി ലിന്‍ഡ ലൂയിസ്, കോള്‍പിംഗ് ബോര്‍ഡംഗം മരിയ ഗോരെത്തി, കയ്റോസ് കോ-ഓഡിനേറ്റര്‍ ബിന്‍സി ഷാജു, ജോണ്‍ ബ്രിട്ടോ എന്നിവര്‍ പ്രസംഗിച്ചു.