ക്ഷയരോഗ നിവാരണ പദ്ധതിക്കു തുടക്കം
1488878
Saturday, December 21, 2024 5:56 AM IST
ഉദയഗിരി: ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രം, മണക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉദയഗിരി പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്ഷയരോഗ നിവാരണ പദ്ധതിക്ക് തുടക്കമായി.
നൂറുദിന തീവ്രയജ്ഞ പരിപാടിയിലൂടെ ഗൃഹസന്ദർശനവും ക്യാമ്പുകളും നടത്തി രോഗികളെ കണ്ടെത്തി ചികിത്സിക്കുക എന്നതാണു പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ക്ഷയരോഗം ബാധിച്ചവരുടെ മരണനിരക്ക് കുറച്ചുകൊണ്ടു വരിക, രോഗത്തെപ്പറ്റിയുള്ള അനാവശ്യ ഭയം ഒഴിവാക്കുക, ക്ഷയരോഗികളോടുള്ള അവഗണന ഒഴിവാക്കുക, ചികിത്സാ പിന്തുണയും പോഷകാഹാരവും ഉറപ്പാക്കുക, ബോധവത്കരണം നടത്തുക തുടങ്ങിയവയാണു 100 ദിന ക്യാമ്പയിൻ പ്രവർത്തനം.
ഉദയഗിരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.
ഡോ. കെ.സി. പ്രവീൺ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, ഷീജ വിനോദ്, എം.സി. ജനാർദനൻ, എം.എൻ. ബിന്ദു, ഡോ. ബിജോയ് മാത്യു, ഡോ. ഷൈലജ വർമ, എ.പി. അനിൽകുമാർ, കെ.വി. ശ്രീരാജു എന്നിവർ പ്രസംഗിച്ചു.