വർധിപ്പിച്ച വൈദ്യുതിനിരക്കും ഫിക്സഡ് ചാർജും പിൻവലിക്കണം
1488870
Saturday, December 21, 2024 5:56 AM IST
പയ്യാവൂർ: വർധിപ്പിച്ച വൈദ്യുതിനിരക്കും ഫിക്സഡ് ചാർജും പിൻവലിക്കണമെന്ന് കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സർക്കാർ നിർദേശിച്ചിട്ടുള്ള മുഴുവൻ ലൈസൻസുകളോടെ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ യൂണിറ്റുകൾക്ക് ഭീഷണിയായി പ്രവർത്തിക്കുന്ന മൊബൈൽ വെൽഡിംഗ് പ്രവർത്തനങ്ങളെ നിയന്ത്രിക്കണമെന്നും വെൽഡിംഗ് യൂണിറ്റുകളെ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്ന് വൈറ്റ് കാറ്റഗറിയിലേക്ക് പുനസ്ഥാപിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.
ശ്രീകണ്ഠപുരം നെല്ലംകുഴിയിൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. പി.എം. ജോയ് ആമുഖ പ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന മുഖ്യാതിഥിയായിരുന്നു.
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജിജോ ജോസഫ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് സി. അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ടി.വി. പ്രകാശൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ കെ. ജയപ്രകാശ് വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: പി.എം. ജോയ്-പ്രസിഡന്റ്, കെ. ജയപ്രകാശ്-സെക്രട്ടറി, എൻ. പ്രദീപ്-ട്രഷറർ.