കർഷക സംഗമം; സംഘാടക സമിതിയായി
1488877
Saturday, December 21, 2024 5:56 AM IST
ആലക്കോട്: സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന കൃഷി വകുപ്പ് ആലക്കോട് ജനുവരി 14, 15, 16 തീയതികളിൽ ഇരിക്കൂർ നിയോജക മണ്ഡലം കർഷക സംഗമം സംഘടിപ്പിക്കും. സംഗമത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു.
കൃഷി മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ നടക്കുന്ന കർഷക സംഗമം മലയോര കാർഷിക മേഖലയ്ക്ക് പുത്തനുണർവും ദിശാ ബോധവും നല്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു. മലയോരത്തെ കാർഷിക പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അനുയോജ്യമായ പാക്കേജുകൾ മണ്ഡലത്തിലേക്ക് എത്തിക്കുകയെന്നതാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.
കൃഷി മന്ത്രി, ജില്ലയിലെ എംപിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂര്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, എം. കരുണാകരൻ, ടി.എൻ.എ. ഖാദർ, വി.ജി. സോമൻ, സജി കുറ്റ്യാനിമറ്റം, മാത്യു ചാണക്കാട്ടിൽ, ജോസ് ചെമ്പേരി എന്നിവർ രക്ഷാധികാരികളായി ആയിരിത്തൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. എംഎൽഎ ചെയർമാനും, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജനറൽ കൺവീനറുമായ ജനറൽ കമ്മിറ്റിയിൽ, പഞ്ചായത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും, അംഗങ്ങളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, കർഷക സംഘടനാ ഭാരവാഹികളും ഉൾപ്പെടും.
കൃഷി മന്ത്രിയുമായുള്ള സംവാദം, കർഷക അദാലത്ത്, ഫീൽഡ് വിസിറ്റ്, എക്സിബിഷൻ, സെമിനാറുകൾ, ഘോഷയാത്ര, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. യോഗത്തിൽ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ. പ്രദീപൻ, തോമസ് വക്കത്താനം, ബേബി ഓടമ്പള്ളി, ടി.സി. പ്രിയ, സാജൻ കെ. ജോസഫ്, ജോസ് വട്ടവല, സി.പി. സോമൻ, പി.വി. ബാലൻ, ഫാ. ജോസഫ് ഈനാശേരി, ഫാ. ബെന്നി നിരപ്പേൽ, ഫാ. ബിബിൻ വരമ്പകത്ത്, ജോഷി കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.