ആറളം ഫാമിൽ ഡെപ്യൂട്ടി റേഞ്ചർക്കും സംഘത്തിനും നേരേ ആനകൾ പാഞ്ഞടുത്തു; ഒന്നിന് മദപ്പാട്
1488881
Saturday, December 21, 2024 5:57 AM IST
ഇരിട്ടി: ആറളം ഫാമിൽ തന്പിടിച്ചിരിക്കുന്ന ആനക്കൂട്ടത്തിൽ മദപ്പാടുള്ള ആനയും. ഇതടക്കം രണ്ടു കൊമ്പനാനകളുടെ ആക്രമണത്തിൽനിന്ന് ആർആർടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രാത്രി അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 7.30 ന് പൂക്കുണ്ട് മേഖലയിലായിരുന്നു സംഭവം.
ഇവിടെ ആനമതിൽ നിർമാണത്തിന്റെ ഭാഗമായി പഴയ മതിൽ പൊളിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഫാമിലേക്ക് വനത്തിൽനിന്ന് ആനകൾ പ്രവേശിക്കുന്നത്. ഇവിടെ വൈകുന്നേരം ആറുമുതൽ ഡെപ്യൂട്ടി റേഞ്ചർ, ആർആർടി വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, സെക്ഷൻ ഫോറസ്റ്റർ ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിപിൻ, അഭിനന്ദ്, വാച്ചർമാരായ അനീഷ്, ചന്ദ്രൻ, അജയൻ എന്നിവർ ഉൾപ്പെടുന്ന സംഘം നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.
ഇതുവഴി ഫാമിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടു കൊമ്പനാനകളെ പടക്കം പൊട്ടിച്ചും ബഹളം വച്ചും ഇവർ അകറ്റിയെങ്കിലും 7.30 ഓടെ ഇവ വനപാലകർക്കു നേരെ പാഞ്ഞടുത്തു. ഉദ്യോഗസ്ഥർ ഓടിമാറി യാണ് രക്ഷപ്പെട്ടത്.
ഈ ആനകളെ തുരത്തുന്നതിനായി പകൽ ഫാമിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.