കുടുംബശ്രീ വിപണന മേളയ്ക്ക് തുടക്കമായി
1488872
Saturday, December 21, 2024 5:56 AM IST
കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര വിപണന മേളയ്ക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. വിജിത്, ഡിപിഎം നിധിഷ, ആര്യ എന്നിവർ പങ്കെടുത്തു.
പത്തു സ്റ്റാളുകളിലായി നാൽപതു കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളാണ് ക്രിസ്മസ് വിപണി എത്തിയിട്ടുള്ളത്. കുടുംബശ്രീ ബ്രാൻഡഡ് ഉത്പന്നങ്ങളായ വിവിധ തരം കറി പൗഡറുകളും കുട്ടികൾക്ക് നൽകാവുന്ന പോഷകാഹാര സമൃദ്ധമായ ഹെൽത്ത് മിക്സ് തുടങ്ങി ചെറു ധാന്യങ്ങളുടെ വിവിധ തരം ഉത്പന്നങ്ങൾ, മേരാക്കി ബ്രാൻഡഡ് കുർത്തകൾ, കുറ്റ്യാട്ടൂർ മാങ്ങ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, വ്യത്യസ്തയിനം കളിമൺ ചട്ടികൾ, കളിമൺ പ്രതിമകൾ, അലങ്കാര വസ്തുക്കൾ, ചോക്ലേറ്റ് കേക്ക്, ജാമുകൾ, പേൾ ഓർണമെന്റ്സ്, കുടുംബശ്രീയുടെ ഏറ്റവും പുതിയ ഉത്പന്നമായ കറ്റാർവാഴ, ശംഗുപുഷ്പം ഹെർബൽ സോപ്പുകൾ എന്നിവയും, തനിമ ഹോം ഷോപ്പിന്റെ സ്റ്റാളിൽ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഉത്പന്നങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാണ്.
മേളയിൽ കുടുംബശ്രീ കണ്ണൂർ കോർപറേഷന്റെ സാന്ത്വനം സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. സ്റ്റാളിൽ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, ഹിമോഗ്ലോബിൻ ടെസ്റ്റുകൾ 20, 40, 50, 90 രൂപ നിരക്കിൽ പരിശോധിക്കാം. 31 രാത്രി എട്ടുവരെയാണ് മേള.
കൈത്തറി പ്രദര്‍ശന
വിപണനമേള
കണ്ണൂർ: കൈത്തറി, ടെക്സ്റ്റൈല്‍സ് വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ കൈത്തറി വികസന സമിതി എന്നിവ ചേർന്ന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൈത്തറി പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. 20 ശതമാനം സര്‍ക്കാര്‍ റിബേറ്റോടെ ഉത്പന്നങ്ങള്‍ മേളയില്‍ ലഭിക്കും.
കണ്ണൂര്‍ ജില്ലയില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമായി 17 കൈത്തറി സംഘങ്ങളും ഹാന്‍വീവും മേളയില്‍ പങ്കെടുക്കുന്നുണ്ട്. 31 വരെയാണ് മേള. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. അജിമോന്, മാനേജര്‍ എസ്.കെ.സുരേഷ് കുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.കെ. ശ്രീജിത്ത്, കൈത്തറി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഖാദി മേള 23 മുതൽ
കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ്-ന്യൂയർ ഖാദി മേളക്ക് 23ന് തുടക്കമാകും. 23ന് രാവിലെ 10.30ന് കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ആദ്യവില്പന നടത്തും. ഖാദിക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. ഖാദി സാരിക്ക് പ്രത്യേക കൗണ്ടർ ഉണ്ടാവും. മേള ജനുവരി നാലിന് സമാപിക്കും. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് മേള.