"സാള്‍ട്ട് മാംഗോ ട്രീ' ഇംഗ്ലീഷ് ആസ്വാദന കളരിക്ക് തുടക്കമായി
1488869
Saturday, December 21, 2024 5:56 AM IST
ഇരിട്ടി: ആറളം ഫാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ "സാള്‍ട്ട് മാംഗോ ട്രീ' എന്ന പേരിലുള്ള രണ്ടു ദിവസത്തെ ഇംഗ്ലീഷ് ആസ്വാദന കളരി തുടങ്ങി. സ്പെഷല്‍ എൻറിച്ച്മെന്റ് പ്രോഗ്രാം "സഫലത്തി'ന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷയെ അനായാസമായി ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പരിപാടിയാണിത്. പ്രത്യേകം തയാറാക്കിയ പ്രവര്‍ത്തനാധിഷ്ഠിത മൊഡ്യൂള്‍ അനുസരിച്ച് കണ്ണൂര്‍ ഡയറ്റിലെ ലക്ചറര്‍ ഇ.വി. സന്തോഷ്കുമാര്‍, എന്‍. വിസ്മയ, വി.വി. സിത്താര എന്നീ ട്രെയിനര്മാരാണു രണ്ടുദിവസത്തെ സഹവാസ രീതിയിലുള്ള ആസ്വാദന കളരി നയിക്കുന്നത്.
ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം ഒഴിവാക്കി അനായാസമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് ആസ്വാദന കളരി ചിട്ടപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്കായാണ് കളരി സംഘടിപ്പിച്ചത്.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മിനി ദിനേശന് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബിപിസി ടി.എം. തുളസീധരന്‍ ട്രെയിനിംഗ് കിറ്റ് വിതരണം നടത്തി. ഡയറ്റ് ലക്ചറര്‍ ഇ.വി. സന്തോഷ്കുമാര്‍ ക്യാന്പ് വിശദീകരണം നടത്തി. മുഖ്യാധ്യാപകൻ ഒ.പി. സോജന്, പിടിഎ പ്രസിഡന്റ് കോട്ടി കൃഷ്ണന്, മദര്‍ പിടിഎ പ്രസിഡന്റ്, സി.എന്‍. ശ്രീജ, എസ്എംസി ചെയര്‍പേഴ്സണ്‍ സി.എന്‍. അമ്പിളി, സ്റ്റാഫ് സെക്രട്ടറി രവീന്ദ്ര ബാബു, എസ്ഇപി കോ-ഓര്‍ഡിനേറ്റര്‍, സി.എ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാന്പ് ഇന്ന് സമാപിക്കും.