മാങ്ങാട്ടുപറമ്പിലെ അശാസ്ത്രീയ അടിപ്പാത: ജനുവരി മൂന്നു മുതൽ ബസ് പണിമുടക്ക്
1488875
Saturday, December 21, 2024 5:56 AM IST
തളിപ്പറമ്പ്: ദേശീയപാത നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെയും തൊഴിലാളികളുടെയും ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് തളിപ്പറമ്പ്-ധർമശാല-ചെറുകുന്ന്തറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ജനുവരി മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും.
ധർമശാലയിൽ യൂണിവേഴ്സിറ്റി റോഡിന് അഭിമുഖമായി ബസുകൾക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ അടിപ്പാത നിർമിക്കണമെന്ന് പ്രവർത്തി ആരംഭത്തിൽ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ, നാലു മീറ്റർ വീതിയിലും 3.5 മീറ്റർ ഉയരത്തിലുമാണ് അടിപ്പാത നിർമിച്ചിരിക്കുന്നത്.
തളിപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കണ്ണപുരം ചെറുകുന്ന് ഭാഗത്തേക്ക് പോകാൻ മൂന്നു കിലോമീറ്ററുകളിലധികം സഞ്ചരിച്ച് ട്രിപ്പ് നടത്തേണ്ട സാഹചര്യമാണുള്ളത്. ബസുകൾക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ അടിപ്പാത പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബസ് ഒപ്പറേറ്റേഴ്സ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.