വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ സാന്നിധ്യം
1488880
Saturday, December 21, 2024 5:57 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭപരിധിയിലെ മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും തളിപ്പറമ്പ് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും സംയുക്തമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കുടിവെള്ളത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത് മലത്തിന്റെ സാന്നിധ്യം.
തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ കുടിവെള്ളം വിതരണം ചെയ്യുമ്പോൾ പിടിച്ചെടുത്ത ജാഫർ എന്ന പേരിലുള്ള കുടിവെള്ള വിതരണ കന്പനിയുടെ വെള്ളം കേരള വാട്ടർ അഥോറിറ്റിയുടെ ലാബിൽ ടെസ്റ്റ് ചെയ്തതിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. മനുഷ്യമലത്തിലാണ് ഈ ബാക്ടീരിയ ഉണ്ടാകുന്നത്. കുടിക്കാനായി വിതരണം ചെയ്യുന്ന വെള്ളത്തിൽ യാതൊരു കാരണവശാലും ഈ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകാൻ പാടില്ലാത്തതാണ്.
ഈ കുടിവെള്ളം വിതരണം ചെയ്ത ജാഫർ എന്ന കുടിവെള്ള വിതരണ കന്പനിയുടെ കുടിവെള്ള ടാങ്കറും ഗുഡ്സ് ഓട്ടോയും കഴിഞ്ഞദിവസം തന്നെ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം പിടിച്ചെടുത്തിരുന്നു.
നിലവിൽ കുറുമാത്തൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ ചവനപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു കിണറിൽ നിന്നാണ് ഇവർ കുടിവെള്ളത്തിനായി വെള്ളം എടുക്കുന്നതായി പറയപ്പെടുന്നത്. ആ കിണർ ആരോഗ്യവകുപ്പ് വിഭാഗം അധികൃതർ സന്ദർശിക്കുകയും കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കാനും തുടർച്ചയായി ക്ലോറിനേഷൻ നടത്താനും ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. ഈ കിണർ വെള്ളത്തിന്റെ വാട്ടർ ക്വാളിറ്റി ടെസ്റ്റ് റിപ്പോർട്ട് കുടിവെള്ള വിതരണക്കാർ ഹാജരാക്കിയത് പ്രകാരം ഇത് ശുദ്ധതയുള്ളതാണ്.
അതേസമയം ഈ കുടിവെള്ള സപ്ലൈ കന്പനി തളിപ്പറമ്പ് നഗരത്തിൽ വിതരണം ചെയ്യുമ്പോൾ പിടിച്ചെടുത്ത കുടിവെള്ളത്തിൽനിന്നും മനുഷ്യമലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടു കൂടി ആരോഗ്യവകുപ്പ് താഴെ പറയുന്ന കാര്യങ്ങൾ കണ്ടെത്തി.
* "ജാഫർ' എന്ന കുടിവെള്ള സപ്ലൈ ആരോഗ്യ വകുപ്പ് വിഭാഗം നിർദേശിച്ച പ്രകാരമുള്ള കൃത്യമായ ക്ലോറിനേഷൻ നടപടികളോ ശുദ്ധീകരണ പ്രവൃത്തികളോ ചെയ്യുന്നില്ല.
* കുറുമാത്തൂരിലെ കിണർ വെള്ളത്തിന്റെ വാട്ടർ ക്വാളിറ്റി ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കിയത് കൃത്രിമമായി ഉണ്ടാക്കിയതായിരിക്കാം. ഒന്നുകിൽ മറ്റേതെങ്കിലും വെള്ളമോ അല്ലെങ്കിൽ വളരെ ഉയർന്ന തോതിൽ ക്ലോറിനേഷൻ നടത്തിയതിനു ശേഷം ശേഖരിച്ച വെള്ളമോ ആയിരിക്കാം ടെസ്റ്റ് ചെയ്തിട്ടുണ്ടാകുക.
*കിണർ വെള്ളം ശുദ്ധീകരിക്കുന്നുണ്ടെങ്കിൽ തന്നെയും തളിപ്പറമ്പ് നഗരത്തിൽ വിതരണം ചെയ്യാനായി ഉപയോഗിക്കുന്നത് ഈ കിണറിലെ വെള്ളമല്ല മറ്റേതെങ്കിലും മലം കലർന്ന വെള്ളമാണ്.
* തളിപ്പറമ്പ് നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തട്ടുകടകളിലും നിലവിൽ കുടിവെള്ളമെത്തിക്കുന്നത് ജാഫർ എന്ന പേരിൽ ഉള്ള കുടിവെള്ള വിതരണ കന്പനിയാണ്. എന്നാൽ അതേസമയം തന്നെ ഈ പറഞ്ഞ സ്ഥാപനങ്ങൾക്കെല്ലാം കുടിവെള്ള വാട്ടർ അഥോറിറ്റിയുടെ കണക്ഷൻ ഉണ്ട്. എന്നാൽ, അവരുടെ വാട്ടർ അഥോറിറ്റി യുടെ രേഖകൾ പ്രകാരം ഇവരുടെ പ്രതിമാസ ബില്ല് 500 രൂപയിൽ താഴെ മാത്രമേ ആകുന്നുള്ളൂ. എല്ലാ ദിവസവും വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ ബിൽ ഇത്രയുമായാൽ മതിയാകില്ല
.
* ജാഫർ എന്ന സ്വകാര്യ കുടിവെള്ള ഏജൻസി വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളിൽ ഈ ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിച്ചവർക്ക് അസുഖം ബാധിച്ചു.എന്നാൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് അസുഖം പിടിപെട്ടിട്ടില്ല. ഒരു ഹോട്ടലിൽ പോയി പല ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് എന്തുകൊണ്ട് അസുഖം പിടിപെടുന്നില്ല എന്നുള്ള കാര്യത്തിന് ഇതോടു കൂടി ഉത്തരമായി.
* ഏഴാംമൈൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവരുടെ കിണർ വെള്ളം ലഭ്യമല്ലാത്ത കുറച്ചു ദിവസങ്ങളിൽ ഈ ജാഫർ കന്പനി കുടിവെള്ളം വിതരണം ചെയ്യുകയും അതിനു കൃത്യം ഒരു മാസത്തിനുശേഷം സ്കൂളിലെ എല്ലാവർക്കും മഞ്ഞപ്പിത്തം പിടിപെടുകയും ചെയ്തിരുന്നു. ഇവിടെയും മലം കലർന്ന വെള്ളമാണ് വിതരണം ചെയ്തത് എന്നും ഇതോടെ വ്യക്തമാകുന്നു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ്. എം. നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം നടത്തിയ ഈ അന്വേഷണത്തിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.സി. സച്ചിൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ . അഷ്റഫ്, ആരോഗ്യ വകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരായ ബിജു, സജീവൻ, പവിത്രൻ, ആര്യ എന്നിവരും മുനിസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ആരോഗ്യവിഭാഗം അധികൃതരും പങ്കെടുത്തു.
2024 മേയ് മുതൽ നഗരസഭാപരിധിയിൽ ആകെ 363 കേസുകളാണ് ഉണ്ടായിട്ടുള്ളത്. അതിൽ മൂന്നു രോഗികൾ മരിക്കുകയും ചെയ്തു . ഈ മാസം മാത്രം 84 കേസുകൾ ഉണ്ടായി എന്നത് രോഗപ്പകർച്ചയുടെ ഗൗരവം വർധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് കർശന പരിശോധനയും അന്വേഷണവും ശുചീകരണ പ്രവർത്തനങ്ങളും നടന്നുവരുന്നത്.