യാത്രകളിലൂടെയാണ് രാജ്യത്ത് സംസ്കാരം ആരംഭിച്ചത്: സക്കറിയ
1488867
Saturday, December 21, 2024 5:56 AM IST
കണ്ണൂർ: രാജ്യങ്ങളിൽ സംസ്കാരങ്ങൾ ഉടലെടുക്കുന്നതിന് യാത്രകൾ ഏറെ സഹായിച്ചിട്ടുണ്ടെന്ന് സാഹിത്യകാരനും സഞ്ചാരിയുമായ സക്കറിയ.
ജവഹർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് ലിറ്റററി ഫെസ്റ്റിൽ "മലയാളികളുടെ സഞ്ചാരങ്ങൾ' എന്ന വിഷയത്തിൽ സക്കറിയയും ഡോ. അജയകുമാർ കോടോത്തുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്നം തേടിയുള്ള യാത്രകളാണ് കേരളീയർ നടത്തിയ യാത്രകളിൽ ഏറിയ പങ്കും. കേരളത്തിൽ പുതുതലമുറയ്ക്ക് ജോലി സാധ്യത കുറഞ്ഞതിനാൽ വലിയ വിഭാഗം ഉപജീവനം തേടി വിദേശത്തേക്ക് യാത്ര നടത്തി വരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിന് പുറത്തും വലിയ ഒരു ലോകം തന്നെയുണ്ടെന്ന് നമ്മളെ കാണിച്ചുതന്നത് എസ്.കെ പൊറ്റക്കാടാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പുതിയകാല " രാഷ്ട്രീയ സമസ്യകൾ' എന്ന വിഷയത്തിൽ പി.എൻ. ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി.സക്കറിയ, ഡോ. അജയകുമാർ കോറോത്ത് എന്നിവർക്കുള്ള ജവഹർ ലൈബ്രറിയുടെ ഉപഹാരം വർക്കിംഗ് പ്രസിഡന്റ് ടി.ഒ. മോഹനൻ കൈമാറി.
പാരിസ്ഥിതിക പരിപ്രേക്ഷ്യങ്ങൾ - സമൂഹത്തിലും എഴുത്തിലും എന്ന വിഷയത്തിൽ ഡോ. ഇ. ഉണ്ണിക്കൃഷ്ണൻ, എം. സുചിത്ര എന്നിവർ നടത്തിയ സംവാദത്തിൽ വിനോദ് പയ്യട മോഡറേറ്ററായി.തുടർന്ന് "ഫോക്ലോറിന്റെ വർത്തമാനം' എന്ന വിഷയത്തിൽ ഡോ. ഗോവിന്ദവർമരാജ, ഡോ. വൈ.വി. കണ്ണൻ, വി.കെ. അനിൽകുമാർ എന്നിവർ ചേർന്ന് നടത്തിയ സംവാദത്തിൽ ഡോ. പി.കെ. ഭാഗ്യലക്ഷ്മി മോഡറേറ്ററായി. പി.സി. ലേഖ (ഘനശ്യാമം കവിത), കെ.സി. ശശീന്ദ്രൻ ചാല (വേലിക്കെട്ടിലെ മുൾപ്പടർപ്പുകൾ, കഥ), പ്രഫ. രവീന്ദ്രൻ നമ്പ്യാർ (അനുരാധ റിസോർട്ട്, നോവൽ) എന്നീ പുസ്തകങ്ങൾ സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ പ്രകാശനം ചെയ്തു.