ഭൂമി തരംമാറ്റൽ അദാലത്ത്: സംസ്ഥാനതല ഉദ്ഘാടനം 25ന്
1461289
Tuesday, October 15, 2024 7:10 AM IST
കണ്ണൂർ: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി സർക്കാർ നടത്തുന്ന തരംമാറ്റൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25ന് കണ്ണൂരിൽ നടക്കും.
രാവിലെ പത്തിന് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ റവന്യു മന്ത്രി കെ രാജൻ നിർവഹിക്കും. 25 മുതൽ നവംബർ 15 വരെ താലൂക്ക് അടിസ്ഥാനത്തിൽ തരംമാറ്റൽ അദാലത്തുകൾ നടക്കും.
ഓഗസ്റ്റ് 31 വരെ അപേക്ഷ ലഭിച്ചതും സൗജന്യമായി അനുവദിക്കേണ്ടതുമായ 25 സെൻറിൽ താഴെ ഭൂമി സംബന്ധിച്ച ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുക. ഉദ്ഘാടന ദിനത്തിൽ കണ്ണൂർ താലൂക്കിലെ തരംമാറ്റൽ അദാലത്ത് നടക്കും.
തളിപ്പറമ്പ് താലൂക്ക് തല തരംമാറ്റൽ അദാലത്ത് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ 26ന് നടക്കും. തലശേരി താലൂക്ക് തല അദാലത്ത് നവംബർ രണ്ടിന് തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലും പയ്യന്നൂർ താലൂക്ക് തല അദാലത്ത് ആറിന് പയ്യന്നൂർ താലൂക്ക് ഓഫീസ് വളപ്പിലും നടത്തും. ഇരിട്ടി താലൂക്ക് തല അദാലത്ത് ഏഴിന് ഇരിട്ടി ബ്ലോക്ക് കോൺഫറൻസ് ഹാളിലും നടക്കും.
സംസ്ഥാനതല ഉദ്ഘാടനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരികളായി നിയമസഭാ സ്പീക്കറേയും ജില്ലയിലെ എംപിമാരേയും ചെയർമാനായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെയും തെരഞ്ഞെടുത്തു. മേയർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്നിവരെ ജനറൽ കൺവീനർമാരായും തെരഞ്ഞെടുത്തു. കളക്ടറാണ് ജനറൽ കൺവീനർ. സീനിയർ ഫിനാൻസ് ഓഫീസറെ ട്രഷററായും തെരഞ്ഞെടുത്തു. സബ് കളക്ടർ, ആർഡിഒ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർ എന്നിവർ ജോയിന്റ് കൺവീനറർമാരാണ്. പ്രധാന രാഷ്ട്രീയപാർട്ടി ഭാരവാഹികൾ സംഘടാകസമിതി അംഗങ്ങളുമാണ്.