ചെമ്പന്തൊട്ടിയിലെ നിയമവിരുദ്ധ ഖനനം: പരിശോധന നടത്തുമെന്ന് മന്ത്രി
1461288
Tuesday, October 15, 2024 7:10 AM IST
ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടിയിലെ നിയമവിരുദ്ധ ഖനനവും അപകടകരമായ ക്വാറികളുടെ പ്രവര്‍ത്തനവും സംബന്ധിച്ച് ആവശ്യമായ പരിശോധന നടത്തുമെന്ന് റവന്യുമന്ത്രി കെ. രാജന് നിയമസഭയില്‍ അറിയിച്ചു. സജീവ് ജോസഫ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
സമുദ്രനിരപ്പിൽ നിന്നു 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നായനാർമലയിലെ ക്വാറിയിൽ ഒന്നരമാസം മുമ്പ് ശക്തമായ മഴയില്‍ നീര്‍ച്ചാലുകള്‍ രൂപപ്പെട്ട് താഴ്വാരത്തെ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാകുകയും ടാറിംഗ് റോഡ് ഉള്‍പ്പെടെ ഒലിച്ചു പോകുകയും പ്രദേശത്ത് ആശങ്കാജനകമായ സ്ഥിതി ഉണ്ടാകുകയും ചെയ്തു.
ഇവിടെ ശക്തമായ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ്. പ്രാഥമികമായ പരിശോധനയില്‍ നിയമവിരുദ്ധ ഖനനമാണ്. 100 കണക്കിന് വീടുകളും ആയിരക്കണക്കിന് ജനങ്ങളും കൃഷിയും അപകടകരമായ സാഹചര്യത്തിലാണെന്ന് എംഎല്‍എ പറഞ്ഞു. ഇവിടെ ബഞ്ച് അടിക്കാതെ 1000 അടി കുത്തനെയാണ് ഖനനം നടത്തുന്നത്. 45 ശതമാനത്തിൽ കൂടുതൽ ചെരിവുള്ള സ്ഥലത്ത് ഖനനത്തിന് അനുമതി കൊടുക്കാൻ പാടില്ല എന്നിരിക്കെയാണ് 60 ശതമാനത്തിലധികം ചെരിവുള്ള ഈ സ്ഥലത്ത് ക്വാറിക്ക് അനുമതി നൽകിയത്. മാത്രമല്ല നിശ്ചയിച്ച ഭൂരിപക്ഷം സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് രണ്ടു പതിറ്റാണ്ടിലധികമായി ഈ ക്വാറി പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഖനനം സമയാസമയം പരിശോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാത്തതാണ് ഈ അപകട സാഹചര്യത്തിലേക്ക് നയിച്ചത്. ഇതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഈ ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും തടഞ്ഞ് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ഉളിക്കല്‍ - പടിയൂര്‍ പഞ്ചായത്തുകളിലെ തേര്‍മല കൈക്കൂലിത്തട്ടില് 2018 ലെ പ്രളയത്തില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസം മൂലം വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കിയ ചെങ്കല്‍ ഖനനം ജില്ലാ കളക്ടര്‍ നിരോധിച്ചിരുന്നു.
സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇവിടെ ഖനനം പാടില്ലന്ന റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഇവയൊന്നും പരിഗണിക്കാതെ വീണ്ടും ജിയോളജി വകുപ്പ് ഖനനാനുമതി നല്‍കിയത് നിയമവിരുദ്ധമാണ്. വര്‍ഷങ്ങളായി 300 ലധികം കുടുംബങ്ങള്‍ ഇതിനെതിരേ സമരരംഗത്താണ്. ഇവിടെയും ഖനനം പൂര്‍ണമായും നിരോധിക്കണം. കഴിഞ്ഞ വര്‍ഷം പാത്തന്‍പാറയിലെ ക്വാറിക്ക് സമീപം ഭൂമി വിണ്ടു കീറി ആശങ്ക ഉണ്ടാക്കിയിരുന്നു. അപകട സാഹചര്യമുള്ള ചെറിയ അരീക്കമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പുതിയ ഖനനാനുമതി നല്‍കാനുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കണം.ഗ്രാമസഭകളുടെയും പ്രദേശവാസികളുടെയും അഭിപ്രായം മാനിക്കണം.
ഉരുള്‍പ്പൊട്ടല്‍ ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പശ്ചിമഘട്ട മേഖലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.