ആറളം ഫാമിൽ കാട്ടാന 230 റബർ മരങ്ങൾ നശിപ്പിച്ചു
1459783
Tuesday, October 8, 2024 8:27 AM IST
ഇരിട്ടി: ആറളം ഫാമിലെ ബ്ലോക്ക് ഏഴിൽ കഴിഞ്ഞ രണ്ടുദിവസളിലായി കാട്ടാനക്കൂട്ടം നശിപ്പിച്ചത് 230 റബർ മരങ്ങൾ. ടാപ്പിംഗ് തുടങ്ങി മൂന്നുവർഷം മാത്രമായ മരങ്ങളാണ് 30 ആനകളുടെകൂട്ടം തൊലി പൊളിച്ചു തിന്ന് നശിപ്പിച്ചത്. വർഷങ്ങളോളം ലഭിക്കേണ്ട വരുമാന മാർഗമാണ് കാട്ടാനക്കൂട്ടം രണ്ടുദിവസം കൊണ്ട് നശിപ്പിച്ചത്.
കാട്ടാനക്കൂട്ടം ഇപ്പോഴും പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി റബർ മരങ്ങൾക്ക് നേരെയുള്ള കാട്ടാനയുടെ ആക്രമണം വർധിച്ചുവരികയാണ്. ഫാമിലെ കൃഷിഭൂമികളിൽ ഭൂരിഭാഗം സ്ഥലത്തും സോളാർ വൈദ്യുത വേലി സ്ഥാപിച്ചെങ്കിലും ബ്ലോക്ക് ഏഴിൽ റബർ പ്ലാന്റേഷന്റെ ഭാഗങ്ങളിൽ വേലി ഇനിയും സ്ഥാപിച്ചിട്ടില്ല. 4.5 കിലോമീറ്റർ ദൂരം സോളാർ വേലിക്കായുള്ള പ്രപ്പോസൽ സമർപ്പിച്ചിരിക്കുകയാണ് ഫാം അധികൃതർ.
ഒരുവർഷം കൊണ്ട് ആന നശിപ്പിച്ചത് 4200 റബർ മരങ്ങൾ
ആറളം ഫാമിന്റെ സ്ഥിര വരുമാന സ്രോതസായ 4200 റബർ മരങ്ങളാണ് കഴിഞ്ഞ ഒരുവർഷം കൊണ്ട് കാട്ടാനകൾ നശിപ്പിച്ചത്. ശരാശരി 350 രൂപ വാർഷിക വരുമാനമാണ് ഒരു റബർ മരത്തിൽ നിന്നും ലഭിക്കുന്നത്.
കാട്ടാനകൾ നശിപ്പിച്ച റബർ മരങ്ങളിൽ അധികവും 12 വർഷം കൂടി ടാപ്പിംഗ് നടത്താൻ കഴിയുന്നവയായിരുന്നു. ആന നശിപ്പിച്ച റബർ മരങ്ങളുടെ ശരാശരി വരുമാനം 1.76 കോടി രൂപയോളം വരും. 12 വർഷത്തിന് ശേഷം മരങ്ങൾ മുറിച്ച് വില്ക്കുമ്പോൾ ലഭിക്കുന്ന വരുമാനം നിലവിലെ കണക്കനുസരിച്ച് 1.70 കോടി രൂപയാണ്.
റബറിൽ നിന്നും മാത്രം ഫാമിന് ലഭിക്കേണ്ട 3.46 കോടി രൂപയുടെ വരുമാനനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കൂടാതെ ഫാമിലെ തെങ്ങ്, കശുമാവ് തുടങ്ങി എല്ലാ വിളകളും കാട്ടാനകൾ നശിപ്പിച്ചിരിക്കുകയാണ്. ഫാമിന്റെ കണക്ക് അനുസരിച്ച് 40 കോടിയിൽ അധികം രൂപ വനം വകുപ്പ് നഷ്ടപരിഹാരമായി നൽകേണ്ടതുണ്ട്.