പച്ചത്തേങ്ങ വില കുതിക്കുന്നു ; കുടിശിക സബ്സിഡിക്കായി കർഷകരുടെ കാത്തിരിപ്പ്
1459780
Tuesday, October 8, 2024 8:27 AM IST
ആലക്കോട്: സംസ്ഥാനത്ത് പച്ചത്തേങ്ങ വില കുതിച്ചുയരുമ്പോഴും കഴിഞ്ഞവർഷം സംഭരിച്ച തേങ്ങയുടെ സബ്സിഡി തുക ലഭിക്കാതെ കർഷകർ. വില തകർച്ചയെത്തുടർന്ന് ദുരിതത്തിലായ കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് മാർക്കറ്റിംഗ് ഫെഡ് സഹകരണ സംഘങ്ങൾ മുഖാന്തരം കഴിഞ്ഞ വർഷം കേന്ദ്ര-സംസ്ഥാന സർക്കാർ നാഫെഡും കേരഫെഡും പച്ചത്തേങ്ങ സംഭരിച്ചിരുന്നു.
കിലോക്ക് 34 രൂപ നിരക്കിലായിരുന്നു സംഭരിച്ചത്. നാഫെഡ് 29 രൂപ 32 പൈസയും കേരഫെഡ് നാലു രൂപ 68 പൈസയുമാണ് കിലോയ്ക്ക് തുക വകയിരുത്തിയത്. ഇതിൽ നാഫെഡിന്റെ വിഹിതം മൂന്ന് മാസത്തിനുള്ളിൽ കർഷകർക്ക് ലഭിച്ചിരുന്നു. കേരള സർക്കാർ നൽകേണ്ട കേരഫെഡിൽ നിന്നുള്ള സബ്സിഡി തുകയാണ് ഇതുവരെയും ലഭിക്കാത്തത്.
മുൻവർഷങ്ങളിൽ ഓണത്തിന് മുന്പ് കർഷകന് സബ്സിഡി തുക ലഭിച്ചിരുന്നു. എന്നാൽ, നിലവിലെ കുടിശിക പതിനഞ്ച് മാസത്തിലധികമായിട്ടും നൽകാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. മലയോര മേഖലയിലെ കർഷകർക്ക് ലക്ഷകണക്കിന് രൂപയാണ് കിട്ടാനുള്ളത്.
നിയമസഭ നടക്കുന്ന സാഹചര്യത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് തേർത്തല്ലി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റോയി ചക്കാനികുന്നേൽ സജീവ് ജോസഫ് എംഎൽഎക്ക് നിവേദനം നൽകി.