400 കെവി ലൈൻ നാശനഷ്ടം : പഞ്ചായത്ത് അടിസ്ഥാനത്തിലാകണം: താലൂക്ക് വികസന സമിതി
1459330
Sunday, October 6, 2024 6:44 AM IST
ഇരിട്ടി: 400 കെവി ലൈൻ വലിക്കുമ്പോൾ കർഷകർക്കുണ്ടാകുന്ന യഥാർഥ നഷ്ടത്തിന്റെ കണക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ എടുക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ യോഗം നിർദേശിച്ചു. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ എംഎൽഎമാരും വൈദ്യുതി മന്ത്രിയും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഓൺലൈൻ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഭൂമിയും കാർഷിക വിളകളും നഷ്ടപ്പെടുന്നവരുടെ യഥാർഥ കണക്കെടുക്കാനുള്ള തീരുമാനം എടുത്തത്. ഇതിനായുള്ള പ്രവർത്തികൾ വേഗത്തിലാക്കാനും സണ്ണി ജോസഫ് എംഎൽഎ നിർദേശിച്ചു.
മാക്കൂട്ടം ചുരം റോഡിന്റെ ശോച്യാവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനും, വീരാജ്പേട്ട എംഎൽഎയ്ക്ക് കത്ത് നൽകാനും തീരുമാനയിച്ചു. പേര്യ ചുരം റോഡിന്റെ അപകടാവസ്ഥയും, ബോയ്സ് ടൗൺ റോഡിന്റെ വികസനം വൈകുന്നതും കണക്കിലെടുത്ത് ചുരംരഹിത പാത യാഥാർഥ്യമാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ അജണ്ടയിൽ ഇല്ലെങ്കിലും മന്ത്രി ഒ.ആർ. കേളുവിന്റെ സഹായത്തോടെ വീണ്ടുമൊരു ശ്രമം നടത്തുമെന്ന എംഎൽഎയുടെ അഭിപ്രായം യോഗം അംഗീകരിച്ചു.
അമ്പായത്തോട് പാൽചുരം റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് 39 കോടിയുടെ പ്രവ്യത്തിക്ക് ഭരണാനുമതി കിട്ടിയതായി കെആർ എഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ യോഗത്തെ അറിയിച്ചു. 12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന്റെ ടെൻഡർ നടപടികൾക്കായി കിഫ്ബിയുടെ അനുമതി ലഭിക്കണമെന്നും അധികൃതർ അറിയിച്ചു.
ബോയ്സ് ടൗൺ റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി 10 രൂപ അനുവദിച്ചതായി അധികൃതർ യോഗത്തെ അറിയിച്ചു. ആറളം ഫാമിലെ ആദിവാസികൾക്ക് നൽകിയ പട്ടയം റദ്ദ് ചെയ്യുന്നതിന് മുമ്പ് പട്ടയം ഉടമകളുടെ അനുമതി വേണമെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ആവശ്യപ്പെട്ടു. ഭൂമി തിരിച്ചുപിടിക്കുന്നതിന് മുമ്പ് എല്ലാ ആശങ്കകളും പരിഹരിക്കരിക്കുമെന്ന് തഹസിൽദാർ സി.വി പ്രകാശൻ യോഗത്തെ അറിയിച്ചു.
റോഡുകളിലെ ഓവുചാൽ വ്യത്തിയാക്കുന്നതും കാടുവെട്ടുന്നതും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഇരിട്ടി നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത ആവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ബിന്ദു, പി. രജനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി, തോമസ് തയ്യിൽ, കെ.പി. ഷാജി, കെ.പി. അനിൽകുമാർ, തോമസ് വർഗീസ്, പായം ബാബുരാജ് എന്നിവർ സംബന്ധിച്ചു.