ബസുകൾ കയറാത്ത ബസ് സ്റ്റാൻഡ്? ചെന്പേരി ബസ് സ്റ്റാൻഡ്
1458117
Tuesday, October 1, 2024 8:05 AM IST
ചെമ്പേരി: ലക്ഷങ്ങൾ ചെലവഴിച്ച് മികച്ച രീതിയിൽ നിർമിച്ച ചെമ്പേരിയിലെ ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല. നിലവിൽ എല്ലാ ബസുകളും സ്റ്റാൻഡിൽ കയറാതെ ചെമ്പേരി ടൗണിൽ വന്ന് തിരിച്ചുപോകുകയാണ്. സ്റ്റാൻഡിൽ കയറുന്നത് സമയനഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞാണ് ബസുകൾ സ്റ്റാൻഡിനെ നോക്കുകുത്തിയാക്കിയിരിക്കുന്നത്.
20 വർഷത്തോളമായി ചെമ്പേരി ബസ് സ്റ്റാൻഡ് ബസുകൾ കാത്തു നിൽക്കുകയാണ്. ഏരുവേശി പഞ്ചായത്ത് മികച്ച രീതിയിൽ നിർമിച്ച ബസ് സ്റ്റാൻഡിൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ബസ് പോലും കയറാത്തത് മാറി മാറി വരുന്ന ഭരണസമിതികൾക്കും നാണക്കേടാകുകയാണ്. ചെമ്പേരി ടൗണിൽനിന്ന് 500 മീറ്റർ മാത്രം മാറിയുള്ള ബസ് സ്റ്റാൻഡ് ഇപ്പോഴും സ്വകാര്യ വാഹനങ്ങളുടെയും ചരക്കുലോറികളുടെയും പാർക്കിംഗ് കേന്ദ്രമാണ്.
ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന അലക്സാണ്ടർ കടൂക്കുന്നേൽ സൗജന്യമായി നൽകിയ സ്ഥലത്താണ് വർഷങ്ങൾക്ക് മുന്പ് സ്റ്റാൻഡ് നിർമിച്ചത്.
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ചെമ്പേരി പാലത്തിനു സമീപം സ്റ്റാൻഡ് നിർമിച്ചത്. ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും ശൗചാലയവും മികച്ച രീതിയിൽ ഒരുക്കി.
ചെമ്പേരി ടൗണിന്റെ മാർക്കറ്റ് കൂടിയാണ് ബസ് സ്റ്റാൻഡ് ഭാഗം. സ്റ്റാൻഡിൽ കയറുന്നത് സമയനഷ്ടമുണ്ടാക്കുമെന്നാണ് ബസുകാരുടെ അഭിപ്രായം. മലയോര ഹൈവേയിലൂടെയും അല്ലാതെയും ചെമ്പേരിയിലേക്ക് 12 ദീർഘദൂര ബസുകളുൾപ്പെടെ 45 ബസുകളോടുന്നുണ്ട്. ഇവയെല്ലാം സ്റ്റാൻഡിന് പുറത്താണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതറിയാത്ത ഏതെങ്കിലും യാത്രക്കാർ സ്റ്റാൻഡിനുള്ളിൽ ബസ് കാത്തുനിന്നാൽ യാത്ര മുടങ്ങുന്ന അവസ്ഥയാണ്. ബസുകൾ കയറാതായതോടെ സ്റ്റാൻഡിൽ തലങ്ങും വിലങ്ങും മറ്റു വാഹനങ്ങൾ നിർത്തിയിടുകയാണ് പതിവ്. ലോറികളാണ് കൂടുതലും. സ്റ്റാൻഡിൽ നിർത്തിയിടുന്ന മറ്റു വാഹനങ്ങളിൽനിന്ന് പാർക്കിംഗ് ഫീ മുടങ്ങാതെ പിരിക്കുന്നുണ്ട്.
നിലവിൽ വൃത്തിഹീനമാണ് ബസ് കാത്തിരിപ്പു കേന്ദ്രം. സ്റ്റാൻഡിനോട് ചേർന്നുള്ള ശൗചാലയവും നാട്ടുകാർക്ക് പ്രയോജനമില്ലാത്ത സ്ഥിതിയിലാണ്. അടിയന്തര ഇടപെടൽ ഇല്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങുമെന്ന് പ്രതിപക്ഷ സംഘടനകൾ അറിയിച്ചു.