ലോറിയിലെത്തി മാലിന്യം തള്ളിയവരെ സ്കൂട്ടറിൽ പിന്തുടർന്ന് പിടിച്ച് വനിതാ പഞ്ചായത്ത് പ്രസിഡന്റ്
1458115
Tuesday, October 1, 2024 8:05 AM IST
തളിപ്പറമ്പ്: റോഡരികിൽ ലോറിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയവരെ കൈയോടെ പിടികൂടി വനിതാ പഞ്ചായത്ത് പ്രസിഡന്റ്. പട്ടുവം പഞ്ചായത്തിലെ പറപ്പൂൽ-കോടേശ്വരം റോഡരികിൽ മാലിന്യം തള്ളിയവരെയാണ് പ്രസിഡന്റ് പി. ശ്രീമതി സ്കൂട്ടറിൽ പിന്തുടർന്ന് പിടികൂടിയത്. ഇവിടെ കുറച്ചുദിവസങ്ങളായി മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞദിവസം ലോറിയിൽ കൊണ്ടുവന്ന മാലിന്യം റോഡരികിൽ തള്ളുന്നത് കണ്ടത്. പ്രസിഡന്റ് ഇതിന്റെ ഫോട്ടോ എടുത്തതോടെ മാലിന്യം തള്ളാനെത്തിയവർ ലോറിയുമായി കടന്നുകളഞ്ഞു. വിവരം പോലീസിനെ അറിയിച്ച് സ്കൂട്ടറിൽ ലോറിയെ പിന്തുടർന്ന് പോലീസ് സഹായത്തോടെ പിടികൂടുകയായിരുന്നു. ചെറുകുന്നിൽ നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളിയത്. മാലിന്യം തിരിച്ചെടുപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ച ശേഷം ലോറി ഉടമയിൽ നിന്ന് 50,000 രൂപ പിഴയും ഈടാക്കി.