പണിതിട്ടും പണിതിട്ടും പണി തീരാത്ത പാലം
1457650
Monday, September 30, 2024 1:41 AM IST
കരുവഞ്ചാൽ: കരുവഞ്ചാൽ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായി നിർമാണം ആരംഭിച്ച പുതിയ പാലത്തിന്റെ പ്രവൃത്തി മന്ദഗതിയിൽ. മലയോര ഹൈവേയും ടിസിബി റോഡിനെയും ബന്ധിപ്പിച്ച് കോടികൾ ചെലവിട്ട് നിർമിക്കുന്ന കരുവഞ്ചാൽ പാലത്തിന്റെ പ്രവൃത്തി തുടങ്ങിയിട്ട് വർഷങ്ങളായി.
നിർമാണ പ്രവൃത്തി ഏറ്റെടുത്ത കാസർഗോട്ടെ കോൺട്രാക്ടർ മറ്റൊരാൾക്ക് പ്രവൃത്തി സബ് കോൺട്രാക്ട് കൊടുത്തതിനുശേഷമാണ് പാലം നിർമാണ് ഒച്ചിഴയുന്ന വേഗത്തിലായതെന്നും പറയുന്നു. പാലം പൂർത്തീകരിക്കേണ്ട തീയതികൾ പലതവണ നീട്ടി കൊടുത്തെങ്കിലും ഇപ്പോഴും കൈവരിയുടെ നിർമാണമാണ് നടക്കുന്നത്. ഇതു പൂർത്തിയായാലും അപ്രോച്ച് റോഡിന്റെ പണി ബാക്കിയായി നിൽക്കുകയാണ്. മലയോര മേഖലയുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ് തുടരുമ്പോൾ ടൗണിൽ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്.
ചില സമയങ്ങളിൽ മണിക്കൂറുകൾ പഴയ പാലത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ബന്ധപ്പെട്ടവരോട് എപ്പോൾ ചോദിച്ചാലും രണ്ടുമാസത്തിനുള്ളിൽ പണി പൂർത്തിയാകും എന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. കാലപ്പഴക്കത്തിൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന പഴയ പാലത്തിൽ ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമായതോടുകൂടി പാലം കൂടുതൽ ദുർബലമായിരിക്കുകയാണ്.