സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ മൂന്നുമുതൽ കണ്ണൂരിൽ
1457648
Monday, September 30, 2024 1:41 AM IST
കണ്ണൂർ: 25- ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ മൂന്നുമുതൽ അഞ്ചുവരെ കണ്ണൂരിൽ നടക്കും. സർക്കാർ, എയ്ഡഡ്,അൺ എയ്ഡഡ് മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂളുകളിൽ നിന്നായി1600 ഓളം കുട്ടികൾ മൂന്നു വിഭാഗങ്ങളിലായി കലോത്സവത്തിൽ പങ്കെടുക്കും.
2018 ൽ നിലവിൽ വന്ന സ്പെഷൽ സ്കൂൾ കലോത്സവ മാന്വൽ അനുസരിച്ചാണ് കലാമേള സംഘടിപ്പിക്കുന്നത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഒന്പത് ഇനങ്ങളിലും കേൾവി പരിമിതിയുള്ള കുട്ടികൾക്കായി 15 ഇനങ്ങളിലും കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി 19 ഇനങ്ങളിലും മത്സരങ്ങൾ നടക്കും. മുനിസിപ്പൽ സ്കൂൾ കണ്ണൂർ, തളാപ്പ് മിക്സഡ് യുപി സ്കൂൾ എന്നീ രണ്ടു സ്കൂളുകളിലായി എട്ടു വേദികൾ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള ഭക്ഷണം പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് താമസം ഒരുക്കുന്നതിനായി 10 സ്കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്.
മൂന്നിന് മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്കും നാല്,അഞ്ച് തീയതികളിൽ കാഴ്ച, കേൾവി പരിമിതികളുള്ള കുട്ടികൾക്കുമാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഓരോ വിഭാഗത്തിലും ഏറ്റവുമധികം പോയിന്റ് കരസ്ഥമാക്കുന്ന വിദ്യാലയങ്ങൾക്ക് ട്രോഫി നൽകുന്നതാണ്.
മാനസിക വെല്ലുവിളികൾ നേരിടുന്ന വിഭാഗങ്ങൾക്ക് ജില്ലാ അടിസ്ഥാനത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകുന്നുണ്ട്. കൂടാതെ മൂന്നു വിഭാഗത്തിനും ലഭിക്കുന്ന ആകെ ഗ്രേഡ് പോയിന്റ് പരിഗണിച്ച് മികച്ച ജില്ലയെ കണ്ടെത്തി സ്വർണക്കപ്പ് നൽകും.