പുഷ്പന് പാർട്ടി പ്രവർത്തകർ വിടയേകി
1457647
Monday, September 30, 2024 1:41 AM IST
തലശേരി: കൂത്തുപറന്പ് വെടിവയ്പിൽ പരിക്കേറ്റ് മൂന്നു പതിറ്റാണ്ടോളം ശയ്യാവലംബനായിരുന്ന, കഴിഞ്ഞ ദിവസം അന്തരിച്ച പുഷ്പന് പാർട്ടി പ്രവർത്തകർ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ യാത്രയാക്കി. ഇന്നലെ രാവിലെ കോഴിക്കോട് യൂത്ത് സെന്ററിലെ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണു പുഷ്പന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
തലശേരി ടൗൺഹാൾ, കൂത്തുപറന്പിലെ രക്തസാക്ഷി സ്തൂപം, ചൊക്ലി രാമവിലാസം സ്കൂൾ എന്നിവിടങ്ങളിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് ചൊക്ലി മേനപ്രത്തെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിൽ കുടുംബാംഗങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. മേനപ്രം വായനശാലയക്ക് സമീപം പ്രത്യേകമായി ഒരുക്കിയ സ്ഥലത്തായിരുന്നു സംസ്കാരം. പുഷ്പന്റെ സഹോദരങ്ങളുടെ മക്കൾ ചിതയ്ക്കു തീ കൊളുത്തി.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ അന്ത്യം. ഓഗസ്റ്റ് രണ്ടിനായിരുന്നു അതീവഗുരുതരാവസ്ഥയിൽ പുഷ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1994 നവംബർ 25ന് യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയവിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൂത്തുപറന്പിൽ മന്ത്രി എം.വി.രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെയുണ്ടായ പോലീസ് വെടിവയ്പിലാണു പുഷ്പനു പരിക്കേറ്റത്.
നട്ടെല്ലിന് പരിക്കേറ്റ് കഴുത്തിന് താഴെ തളർന്ന് ഇരുപത്തിനാലാം വയസിൽ കിടപ്പിലായ പുഷ്പൻ പലതവണ മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവരികയായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷി കെ.വി റോഷന്റെ അമ്മ കെ.നാരായണി, സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സ്പീക്കർ എ.എൻ. ഷംസീർ തുടങ്ങിയവർ വിവിധയിടങ്ങളിൽ അന്ത്യോപചാരം അർപ്പിച്ചു.
സംസ്കാര ചടങ്ങിനു ശേഷം എം.വി. ജയരാജന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേർന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി ശിങ്കാരവേലൻ, കർണാടക സംസ്ഥാന ട്രഷറർ സന്തോഷ് ബജാൾ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. മോഹനൻ എംഎൽഎ, എ.എ. റഹീം എംപി, വി. വസീഫ്, ഷാജി എം. ചൊക്ലി, എ. പ്രദീപൻ, പി.കെ. യൂസുഫ്, ബാബു ഗോപിനാഥ്, കെ.സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജയ്ക് സി. തോമസ്, കെ ഇ.കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.