ഓൺലൈൻ യോഗത്തിനെതിരേ വിമാനത്താവള ഓഹരി ഉടമകൾ
1454538
Friday, September 20, 2024 1:55 AM IST
കണ്ണൂർ: കണ്ണൂർ എയർപോർട്ട് കമ്പനിയായ കിയാൽ വാർഷിക ജനറൽബോഡി യോഗം ഓൺലൈൻ മുഖാന്തരം ചേരാനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരെ ഓഹരി ഉടമകൾ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനും കമ്പനി ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയനും പരാതി നൽകിയതായി കിയാൽ ഷെയർ ഹോൾഡേസ് അസോസിയേഷൻ ചെയർമാൻ അബ്ദുൾ ഖാദർ പനക്കാട്ട് കണ്ണൂർ പ്രസ്ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.
കിയാലിന്റെ നാളിതുവരെയുള്ള വിവിധ ക്രമക്കേടുകളും അഴിമതികളും ഓഹരി ഉടമകൾക്ക് നേരിട്ട് ബോധ്യപ്പെടുത്താനുള്ള ന്യായമായ അവകാശങ്ങളുടെ ലംഘനമാണു നടത്തുന്നത്. ഈമാസം 23 ന് നടത്താൻ തീരുമാനിച്ച ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം ഓൺലൈനായാണു ചേരുന്നത്.
വൻ നഷ്ടത്തിലോടുന്ന വിമാനത്താവളം എംഡിക്ക് കിയാൽ ശമ്പള ഇനത്തിൽ 30 ലക്ഷത്തിലേറെയായാണു വർധിപ്പിച്ചത്. നഷ്ടത്തിലോടുന്ന കിയാലിനെ സംബന്ധിച്ചിടത്തോളം ഇതു പ്രതിസന്ധി സൃഷ്ടിക്കും. 740 കോടിയോളം രൂപ നഷ്ടത്തിലാണു വിമാനത്താവളം പ്രവർത്തിക്കുന്നത്. ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഓഫ്ലൈനായി യോഗം ചേരണം. 20 മിനിറ്റ് മാത്രമാണു ഓൺലൈൻ യോഗം ചേരുന്നത്.
ഓഹരി ഉടമകൾക്ക് അഭിപ്രായം പറയാനുള്ള ജനാധിപത്യപരമായ അവകാശം നിഷേധിക്കുകയാണ്. വെറും അഞ്ചുവർഷം കൊണ്ടു ലാഭവിഹിതം തരുമെന്നാണ് ഡൽഹിയിൽ നടന്ന പ്രവാസി ഭാരത് യോഗത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പറഞ്ഞത്. എന്നാൽ ഇതുവരെ ഒരു പേന പോലും കിട്ടിയിട്ടില്ലെന്നും അബ്ദുൾ ഖാദർ പനക്കാട്ട് പറഞ്ഞു. കിയാൽ എംഡിക്ക് സർക്കാർ ശമ്പളം കൊടുക്കുന്നതിൽ തങ്ങൾക്കു പരാതിയില്ല. എന്നാൽ 30 ലക്ഷത്തിലേറെയായ ഇദ്ദേഹത്തിന്റെ വാർഷിക ശമ്പളം കഴിഞ്ഞ നാലുമുതൽ കുത്തനെ കൂട്ടിയിരിക്കുകയാണ്. 35 ശതമാനമാണ് സിയാൽ ഷെയർഹോൾഡർമാർക്ക് ലാഭവിഹിതം നൽകുന്നത്. മറ്റു വരുമാനങ്ങൾ സിയാൽ നേടുമ്പോൾ കണ്ണൂർ വിമാനത്താവളത്തിന് ഭൗതിക സാഹചര്യമുണ്ടായിട്ടും വരുമാനം ഉണ്ടാക്കാൻ കഴിയുന്നില്ല. തങ്ങളുടെ സമരം ഇതുകൊണ്ടു തീരുന്നില്ലെന്നും അതിശക്തമായ നിയമപോരാട്ടം തുടരുമെന്നും അബ്ദുൾ ഖാദർ പനക്കാട്ട് അറിയിച്ചു.
പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ സി.പി. സലീം, പി.കെ. കബീർ സലാല, പി.സി. ജോസ്, കെ.പി. മോഹനൻ, കെ.പി. മജീദ് എന്നിവരും പങ്കെടുത്തു.