കേളകം ശാന്തിഗിരിയിൽ കൂറ്റൻ പാറക്കല്ലുകൾ ഇടിഞ്ഞുവീണു
1452881
Friday, September 13, 2024 1:30 AM IST
കേളകം: കനത്ത മഴയിൽ അടയ്ക്കാത്തോട് ശാന്തിഗിരി റിസോർട്ടിനു സമീപം കൂറ്റൻ പാറക്കല്ലുകൾ ഇടിഞ്ഞു വീണു. ഇതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലായി. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ് സംഭവം. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ പാറക്കൂട്ടമാണ് ഇടിഞ്ഞു വീണത്. പാറകള്‍ വീണ് മരങ്ങളും കടപുഴകി വീണിട്ടുണ്ട്. റിസോര്‍ട്ടിന് സമീപത്തെ കാട് പിടിച്ചുകിടക്കുന്ന പറമ്പില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. അടുത്ത ദിവസം ചെന്ന് നോക്കിയപ്പോഴാണ് കൂറ്റൻ പാറകൾ താഴേക്ക് വീണ നിലയിൽ കണ്ടെത്തിയത്.
പാറക്കല്ലുകൾ ഇടിഞ്ഞു വീണ സ്ഥലത്ത് ഏതു സമയവും താഴേക്ക് പതിച്ചേക്കാമെന്ന നിലയിൽ ഇനിയും കൂറ്റൻ പാറകളുണ്ട്. ഇവയുടെ അടിഭാഗത്ത് വിളളൽ സംഭവിച്ച നിലയിലാണ്. ശാന്തിഗിരി മലയുടെ ഏറ്റവും മുകൾഭാഗത്താണ് അപകട ഭീഷണി ഉയർത്തുന്ന പാറക്കൂട്ടമുള്ളത്. വീണ്ടും പാറക്കല്ലുകൾ ഇടിഞ്ഞാൽ വലിയ മണ്ണിടിച്ചിലിനും ഇടയാക്കും. സോയില്‍ പൈപ്പിംഗ് സംഭവിച്ച പ്രദേശത്തിനടുത്ത പാറക്കല്ലുകളാണ് ഇടിഞ്ഞു വീണത്.
സോയിൽ പൈപ്പിംഗിനെ തുടർന്ന് നേരത്തെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. പാറക്കെട്ടുകൾ ഇടിയാൻ കാരണം സോയിൽ പൈപ്പിംഗ് ആണെന്നും സംശയിക്കുന്നു. എന്നാൽ ഇതു സംബന്ധിച്ച് സ്ഥിരീകരണമുണ്ടാകാൻ വിശദമായ പഠനം വേണ്ടതുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച കെപിസിസിഅംഗം ലിസി ജോസഫ്, കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാർകുളം എന്നിവര്‍ ആവശ്യപ്പെട്ടു.