മാറുമറയ്ക്കൽ സമരപോരാളി ദേവകി നമ്പീശൻ അന്തരിച്ചു
Monday, June 12, 2023 12:42 AM IST
തൃശൂർ: മാറുമറയ്ക്കൽ സമരനായികയായിരുന്ന ദേവകി നമ്പീശൻ (89) അന്തരിച്ചു. അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് എഎസ്എൻ നമ്പീശന്റെ ഭാര്യയാണ്. തൃശൂർ പൂത്തോളിൽ മകൾ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം. സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരം.
1956ലെ അരിപ്പറ താലത്തിനിടെ നടന്ന മാറുമറയ്ക്കൽ സമരത്തിൽ വനിതകൾക്കു ധൈര്യവും ആവേശവും പകർന്ന് ദേവകി നമ്പീശൻ മുന്നിലുണ്ടായിരുന്നു. അങ്ങനെ സമരചരിത്ര ഭൂമികയിൽ സ്ത്രീകളുടെ സംഘശക്തി വിളിച്ചറിയിച്ചു വീരേതിഹാസം പകരാനും സമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കാനും ഇവരുടെ ഇടപെടൽ സഹായിച്ചിരുന്നു. സംസ്കാരം ഇന്നു രാവിലെ 10ന് വെള്ളാറ്റാഞ്ഞൂർ കുടുംബശ്മശാനത്തിൽ നടക്കും.