ആ ഡിസംബറിലായിരുന്നു, ‘ഇസ്രായേലിന് നാഥനായി വാഴുമേക ദൈവം’ ജന്മമെടുത്തത്
Tuesday, December 17, 2024 1:58 AM IST
ജോണ്സണ് വേങ്ങത്തടം
കോട്ടയം: 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ആ ഡിസംബറിലായിരുന്നു കാതുകള്‍ക്കും മനസുകള്‍ക്കും ഇമ്പമേകിയ ‘ഇസ്രായേലിന് നാഥനായി വാഴുമേക ദൈവം’ എന്ന ഗാനം ജന്മമെടുത്തത്. കാല്‍നൂറ്റാണ്ടിനിപ്പുറവും നിറഞ്ഞ സ്നേഹമായി, പ്രതീക്ഷയായി, പ്രാര്‍ഥനയായി ആ ഗാനം നമ്മെ തഴുകിക്കൊണ്ടിരിക്കുന്നു.
1999 ഡിസംബറില്‍ ബേബി ജോണ്‍ കലയന്താനിയുടെ ഗാനരചനയില്‍ പീറ്റര്‍ ചേരാനല്ലൂര്‍ സംഗീതം നല്കി പോളി തൃശൂരിന്റെ ഓര്‍ക്കസ്ട്രയുടെ പിന്‍ബലത്തില്‍ കെ.ജി. മാര്‍ക്കോസ് ആലപിച്ച ഗാനം ഏഴു ഭാഷകളിലായി ലോകംമുഴുവന്‍ നിറഞ്ഞു. ജീസസ് എന്ന ആല്‍ബത്തിനു വേണ്ടിയാണ് ഈ ഗാനം ഒരുക്കിയത്.
പഴയനിയമവും പുതിയ നിയമവും ഇഴകലര്ന്നൊരുക്കിയ ഗാനം പാലാ രൂപതയിലെ മുത്തോലപുരം പള്ളിയിലെ കണ്വന്ഷന്നാളിലാണ് പിറന്നത്. കണ്‍വന്‍ഷന്റെ ഇടവേളയില്‍ ബേബിജോണിനോട് പീറ്ററിന്റെ ചോദ്യം- എഴുതിവച്ച പാട്ടുകള്‍ വല്ലതും ഉണ്ടോ, വെറുതെ ഒന്ന് ചിട്ടപ്പെടുത്തിനോക്കാന്?’ ബേബിജോണ്‍ ഓര്‍ത്തെടുത്തു പങ്കുവച്ചത് ഇസ്രായേലിന് നാഥനായ്’എന്ന രചന.
അന്ന് എട്ടു വരികളേ എഴുതിത്തീര്ത്തിട്ടുള്ളൂ. കേട്ടപ്പോള്‍ പുതുമ തോന്നി പീറ്ററിന്. ലളിതവും അതേ സമയം ഗഹനവുമായ രചന. ആവര്‍ത്തനവിരസമല്ലാത്ത പദപ്രയോഗങ്ങള്‍. പീറ്റര്‍ സംഗീതം കൊടുക്കുകയായിരുന്നില്ല, അത് സംഭവിക്കുകയായിരുന്നു. വെറും അഞ്ചുമിനിറ്റുകൊണ്ടാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.
പള്ളിമേടയിലെ മുറിയില്‍ ബേബി ജോണിനൊപ്പമിരുന്ന് പ്രാര്‍ഥനാപൂര്‍വം വെറുതെ കീബോര്‍ഡിലൂടെ വിരലോടിച്ചപ്പോള്‍ സ്വാഭാവികമായി ഒഴുകിയെത്തുകയായിരുന്നു പല്ലവിയുടെ ഈണം. ബേബി ജോണിന്റെ വരികള്‍ക്ക് കൃത്യമായി ഇണങ്ങുന്ന ഒന്ന്. ഒരക്ഷരം പോലുമുണ്ടായിരുന്നില്ല അതില്‍ മാറ്റാന്‍. ദൈവികമായ ആ മനപ്പൊരുത്തത്തില്നിന്നു തുടങ്ങുന്നു ‘ഇസ്രായേലിന് നാഥനായി വാഴുമേക ദൈവം’ എന്ന പാട്ടിന്റെ ചരിത്രം.
കെ.ജി. മാര്‍ക്കോസാണ് ഈ ഗാനം ആലപിച്ചത്. ജാതിമതഭേദമെന്യേ ഏതു ശ്രോതാവിന്റെയും മനസില്‍ പ്രതീക്ഷയുടെ നാളം കൊളുത്തുന്ന എന്തോ ഒരു മാജിക് ഉണ്ടായിരുന്നു മാര്‍ക്കോസിന്റെ ആലാപനത്തില്‍.
സിനിമാഗാനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന ജനപ്രീതിയിലേക്ക് ആ ഗാനത്തെ നയിച്ച ഘടകങ്ങളിലൊന്ന് അതേ മാജിക് തന്നെയാകാം. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബേബി ജോണ്‍ എഴുതിയ ഗാനത്തിനു പ്രായം 25 ആകുമ്പോള്‍ ഇദ്ദേഹത്തിന്റെ വിവാഹജീവിതത്തിനും മധുരിക്കുന്ന കാല്നൂറ്റാണ്ടാകുകയാണ്.
ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ അതിരുകള്‍ക്കപ്പുറത്തേക്ക് ഈ ഗാനത്തെ കൈപിടിച്ചുയര്‍ത്തിയ ദൈവത്തിനു നന്ദി പറയാന്‍ പീറ്റര്‍ ചേരാനല്ലൂരും ബേബി ജോണും പോളി തൃശൂരും കെ.ജി. മാര്‍ക്കോസും കൊച്ചിയില്‍ ഒന്നിച്ചുകൂടി.
ആ പാട്ടിന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരികെ വന്നവര്‍, മാറാരോഗങ്ങളില്നിന്നു പോലും മുക്തി നേടിയവര്‍, ഈ ഗാനം ആവര്‍ത്തിച്ച് കേട്ട് മനസിന്റെ താളം വീണ്ടെടുത്തവര്‍ ഇന്നും ഈ ഗാനത്തെ ഒരു ജീവനായി കാണുമ്പോള്‍ എങ്ങനെ ദൈവത്തിനു നന്ദിപറയാതെ പോകുമെന്ന് ഇവര്‍ ചോദിക്കുന്നു.