ക്രിസ്തു ഇല്ലാത്ത ക്രിസ്മസ്
Tuesday, December 17, 2024 1:59 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന്റെ ഓർമയായ ക്രിസ്മസ് ആഘോഷങ്ങൾക്ക് നൂറ്റാണ്ടുകൾ പിന്നിടുന്പോൾ പല പരിണാമങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ പ്രധാനമായും ഈസ്റ്റർ മാത്രമായിരുന്നു പ്രധാന ക്രൈസ്തവ ആഘോഷം.
പിന്നീട് ഈസ്റ്ററിനെ ചുറ്റിപ്പറ്റി വിശുദ്ധവാരവും വലിയനോന്പും രൂപപ്പെട്ടു. ഈസ്റ്ററിനു ശേഷം സഭാചരിത്രത്തിൽ കാണുന്ന പ്രധാന തിരുനാളാണ് ദനഹാ തിരുനാൾ. അതു ജനുവരി ആറാം തീയതിയാണ് ആഘോഷിച്ചിരുന്നത്. ആദ്യനൂറ്റാണ്ടുകളിൽ അഗ്നിയും ജലവുമായിരുന്നു ദനഹാ തിരുനാളിലെ പ്രധാന അനുസ്മരണ ഉപാധികൾ.
ലോകത്തിന്റെ പ്രകാശമായി ഈശോമിശിഹാ അവതരിച്ചത് ഓർത്തുകൊണ്ട് അഗ്നികുണ്ഠം തീർക്കുന്നതും ഈശോയുടെ മാമ്മോദീസ അനുസ്മരിച്ചുകൊണ്ട് നദിയിൽ മുങ്ങുന്നതും ലോകത്തിലെ വിവിധ സഭകളിൽ നിലനിന്നിരുന്ന രണ്ട് അനുസ്മരണ ശുശ്രൂഷകളായിരുന്നു. അതിന്റെ ബാക്കിയെന്നോണം ഇന്നും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ തിരി തെളിച്ചുകൊണ്ടുള്ള പിണ്ടിക്കുത്തും നദിയിൽ മുങ്ങുന്ന രാക്കുളിയും നിലവിലുണ്ട്.
നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണു ഈശോമിശിഹായുടെ ജനനത്തിരുനാൾ രാത്രിയിലുള്ള പ്രാർഥനാശുശ്രൂഷകളോടെ ആഘോഷിക്കാൻ ആരംഭിക്കുന്നത്. തിരുസഭയുടെ പൊതുവെയുള്ള പാരന്പര്യത്തിൽ ജനനദിവസങ്ങൾ തിരുനാളുകളായി ആഘോഷിക്കാറില്ല. മറിച്ച് സ്വർഗത്തിലെ ജനനദിവസങ്ങളായ, മരണദിവസങ്ങളാണു സാധാരണയായി തിരുനാളുകളായി ആഘോഷിക്കാറുള്ളത്. എന്നാൽ, മൂന്നു വ്യക്തികളുടെ ജനനത്തിരുനാൾ തിരുസഭയിൽ ആഘോഷിക്കുന്നുണ്ട്.
ഒന്നാമതായി ഡിസംബർ 25ന് ഈശോമിശിഹായുടെ ജനനത്തിരുനാളും രണ്ടാമതായി സെപ്റ്റംബർ എട്ടിന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും മൂന്നാമതായി ജൂൺ 24ന് സ്നാപകയോഹന്നാന്റെ ജനനത്തിരുനാളും.
ദൈവപുത്രനെ സ്വന്തം ഉദരത്തിൽ വഹിക്കാൻ കൃപ ലഭിച്ച ഏക മനുഷ്യസ്ത്രീ എന്നനിലയിൽ കന്യകാമാതാവിന്റെയും ദൈവപുത്രനെ ലോകത്തിനു പരിചയപ്പെടുത്തിയ മനുഷ്യവ്യക്തി എന്നനിലയിൽ സ്നാപകയോഹന്നാന്റെയും ജനനം പ്രാധാന്യം അർഹിക്കുന്നു. മനുഷ്യരക്ഷയ്ക്കായി തലമുറകൾ നൂറ്റാണ്ടുകൾ കാത്തിരുന്ന ജനനം എന്നനിലയിൽ ഈശോയുടെ ജനനത്തിരുനാൾ മറ്റേതു തിരുനാളിനെക്കാളും പ്രാധാന്യമർഹിക്കുന്നുണ്ടുതാനും.
ഡിസംബർ 25ന് ഈശോ ജനിച്ചു എന്നതിന് ചരിത്രപരമായ തെളിവുകൾ നാളിതുവരെ ലഭ്യമല്ല. ദൈവശാസ്ത്രപരമായ ചില അനുമാനങ്ങൾ ഈ തീയതിക്കു പിന്നിലുണ്ട്. എന്നിരുന്നാലും അവയും അനുമാനങ്ങൾ മാത്രമാണ്. റോമാസംസ്കാരത്തിലും മറ്റു ചില ഇതര മതങ്ങളിലും ഡിസംബർ 25 സൂര്യദേവന്റെ തിരുനാളായി ആഘോഷിച്ചിരുന്നു എന്നതു വാസ്തവമാണ്. വിജാതീയമായ ഈ ആഘോഷത്തിന്റെ ക്രിസ്തീയവത്കരണമാണ് ഡിസംബർ 25 ക്രിസ്മസ് ആഘോഷിക്കാൻ കാരണമെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
പല രൂപപരിണാമങ്ങളും പിന്നിട്ട ക്രിസ്മസ് ആഘോഷം ഇന്ന് ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ആഗോള ആഘോഷമാണ്. എന്നാൽ, ഈ ആഘോഷത്തെ ആകർഷകമാക്കുന്നത് ക്രിസ്തുവാണോ കച്ചവടമാണോ എന്നതാണ് ഉത്തരംകിട്ടാത്ത ചോദ്യം. ഈശോയെ എടുത്തുകളഞ്ഞ് മതമില്ലാതെ ആഘോഷിക്കപ്പെടുന്ന ക്രിസ്മസ് ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്.
പുൽക്കൂട്ടിൽ ജനിച്ച ഈശോയെ ഓർക്കുന്ന പുൽക്കൂടിനു പകരം ക്രിസ്മസ് ട്രീക്കും സാന്റാക്ലോസിനും നൽകുന്ന അമിത പ്രാധാന്യവും ക്രിസ്മസിൽനിന്ന് ക്രിസ്തുവിനെ എടുത്തുകളയാൻ ഇടവരുത്തുന്ന ഘടകങ്ങളാണ്. ക്രിസ്തോസ് എന്ന ഗ്രീക്ക് വാക്കിന്റെ ആദ്യ അക്ഷരം ഗ്രീക്കിൽ എഴുതുന്നത് ഇംഗ്ലീഷ് ഭാഷയിലെ എക്സിന് സമാനമായാണ്.
അപ്രകാരം എക്സ് മസ് എന്നു ക്രിസ്മസ് ചുരുക്കി എഴുതുന്നതാണെന്ന് ഒരു അഭിപ്രായമുണ്ടെങ്കിലും എക്സ്മസ് എന്ന ചുരുക്കെഴുത്തും ഇംഗ്ലീഷ് ഭാഷയിലെ എക്സ് എന്ന അക്ഷരം ഉപയോഗിച്ചുകൊണ്ടുള്ളതാണ് എന്ന വാദവുമുണ്ട്. ഇംഗ്ലീഷിലെ എക്സ് ഉപയോഗിക്കാൻ കാരണം, കണക്കിൽ എക്സ് എന്ന അക്ഷരം ഏതു മൂല്യവും നൽകാവുന്ന ചരമാണ് എന്നതാണ്. അങ്ങനെ ക്രിസ്തുവിനെ ബുദ്ധിപൂർവം ഒഴിവാക്കി ക്രിസ്മസ് എന്ന് എഴുതുന്നു എന്ന അഭിപ്രായവുമുണ്ട്.
ഹാപ്പി ക്രിസ്മസ് എന്നതിനു പകരം ഹാപ്പി ഫീസ്റ്റ്സ്, ഹാപ്പി സെലിബ്രേഷൻസ് എന്നിങ്ങനെ മതമില്ലാത്ത ക്രിസ്മസ് ആശംസകൾ നേരുന്ന സംസ്കാരവും ആഗോളതലത്തിൽ രൂപപ്പെട്ടുവരുന്നുണ്ട്. ക്രിസ്തുവില്ലാത്ത ക്രിസ്മസ് നിഷേധിക്കുന്നത് ക്രിസ്തു എന്ന മഹാവ്യക്തിത്വത്തെയും ക്രിസ്തു നൽകുന്ന സന്ദേശത്തെയുമാണ്.
സ്നേഹമാകുന്ന ദൈവം മനുഷ്യനായി അവതരിച്ച് മനുഷ്യർക്ക് രക്ഷയുടെ സുവിശേഷം പകർന്നുനൽകി എന്ന പരമമായ സത്യം നിഷേധിച്ചുകൊണ്ട് എന്തു ക്രിസ്മസ്. കന്പോളവത്കരിക്കപ്പെട്ട ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ക്രിസ്തുവിനെ തിരികെക്കൊണ്ടുവരുന്ന ദിവസം വേഗം സംജാതമാകട്ടെ.