ഇ-കെവൈസി അപ്ഡേഷൻ: സമയപരിധി 31 വരെ നീട്ടി
Tuesday, December 17, 2024 1:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
സ്മാർട്ട്ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്.
അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ-കെവൈസി അപ്ഡേഷൻ നടത്തി വരുന്നു. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ-കെവൈസി അപ്ഡേഷൻ പൂർത്തിയാക്കാൻ തയാറാകണമെന്നും മന്ത്രി അറിയിച്ചു.