ശബരി റെയിൽ: ത്രികക്ഷി കരാർ തള്ളി കേരളം
Wednesday, December 18, 2024 1:45 AM IST
തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന-ആർബിഐ ത്രികക്ഷി കരാറിൽ കേരളം ഒപ്പിടണമെന്ന കേന്ദ്ര നിർദേശം തള്ളി സംസ്ഥാനം.
ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ശബരിപാത നിർമാണത്തിന് ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്ന നിലപാട് സ്വീകരിച്ചു. നിലവിൽ സിംഗിൾ ലൈനുമായി മുന്നോട്ടുപോകും. വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കൽ പരിഗണിക്കുമെന്നു യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ത്രികക്ഷി കരാറിൽ കേരളം ഒപ്പുവയ്ക്കണമെന്നും അങ്കമാലി-ശബരി പാത ഡബിൾ ലൈനിൽ നിർമിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി നിർദേശിച്ചത്. ഇതാണു കേരളം തള്ളിയത്. ഇതോടെ ശബരിപാതയ്ക്കു കേന്ദ്രാനുമതി ലഭിക്കുമോ എന്ന കാര്യം ആശങ്കയിലായി.
ശബരി പാത രണ്ടു ഘട്ടമായി നടപ്പാക്കാനാണ് ഉന്നതതലയോഗ തീരുമാനം. ആദ്യഘട്ടത്തിൽ അങ്കമാലി- എരുമേലി പാത പൂർത്തീകരിക്കും. നിർമാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സർക്കാർ തീരുമാനം തുടരുമെന്നും ഈ തുക കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു കിട്ടാൻ കേന്ദ്രവുമായി ബന്ധപ്പെടാനും തീരുമാനിച്ചു.
പദ്ധതിക്ക് അനുമതി ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർഥിക്കും. അങ്കമാലി മുതൽ എരുമേലി വരെ 110 കിലോമീറ്റർ ശബരി റെയിൽവേ ലൈൻ 1997-98ലെ റെയിൽവേ ബജറ്റ് നിർദേശമാണ്.
പദ്ധതിക്കായി എട്ടു കിലോമീറ്റർ സ്ഥലമെടുപ്പു പൂർത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള ഏഴു കിലോമീറ്റർ പാതയുടെ നിർമാണവും പൂർത്തീകരിച്ചു. ഈ ഭാഗത്ത് രണ്ടുവീതം മേൽപ്പാലം, അടിപ്പാത എന്നിവയുടെ നിർമാണം വിഭാവനം ചെയ്തു. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
2019ലെ റെയിൽവേ ബോർഡിന്റെ കത്തിനെത്തുടർന്നു പദ്ധതി മരവിപ്പിച്ചിരുന്നു. അതോടെ മേൽപ്പാല നിർമാണമടക്കമുള്ള തുടർ നടപടികൾ നിർത്തി. ശബരി പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണമെന്നു റെയിൽവേ ആവശ്യപ്പെട്ടു.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമാണച്ചെലവ് 3,800.93 കോടി രൂപയാക്കി ഉയർത്തി. റെയിൽവേ ബോർഡിന്റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിന് അനുസൃതമായി 50% തുക പങ്കിടുന്നതിനുള്ള സന്നദ്ധതയ്ക്കുള്ള സ്ഥിരീകരണം സംസ്ഥാന സർക്കാർ നൽകിയെങ്കിലും പദ്ധതി റെയിൽവേ പുനരരുജ്ജീവിപ്പിച്ചില്ല.
നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ-പന്പ പദ്ധതിക്കു പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയിൽ ഇത് വികസിപ്പിക്കാവുന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എറണാകുളം, ഇടുക്കി, കോട്ടയം കളക്ടർമാരായ എൻ.എസ്.കെ. ഉമേഷ്, വി. വിഘ്നേശ്വരി, ജോണ് വി. സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.